പൊലീസിന് അമിതാധികാരം നല്‍കുന്നതും,മാദ്ധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതുമായ പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
തിരുവനന്തപുരം: പൊലീസിന് അമിതാധികാരം നല്‍കുന്നതും,മാദ്ധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതുമായ പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇതുസംബന്ധിച്ച് നിയമ, ഭരണഘടനാ വിദഗ്ദ്ധരുമായിഅദ്ദേഹം ആശയവിനിമയം നടത്തിയതായി അറിയുന്നു. ആക്ട് ഭേദഗതി ഓര്‍ഡിനന്‍സില്‍ നിയമക്കുരുക്കുണ്ടെന്ന് ബോദ്ധ്യമായാല്‍ കൂടുതല്‍ വിശദീകരണം തേടി ഓര്‍ഡിനന്‍സ് സര്‍ക്കാരിലേക്ക് ഗവര്‍ണര്‍ തിരിച്ചയച്ചേക്കും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ പേരിലാണ് ആക്ടില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയാറായതെങ്കിലും, ഇത് വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആരോപണമുയര്‍ന്നു. പൊലീസ് നിയമഭേദഗതിക്ക് മുന്‍കാലങ്ങളില്‍ നടത്തിയ നീക്കങ്ങള്‍ കോടതി റദ്ദാക്കിയ സാഹചര്യവുമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു.ഡല്‍ഹിയിലായിരുന്ന ഗവര്‍ണര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മടങ്ങിയെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ വിശ്രമത്തിലുള്ള ഗവര്‍ണര്‍ ഓഫീസില്‍ സജീവമായ ശേഷമായിരിക്കും ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.നിലവിലെ പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ചുള്ള പ്രസിദ്ധീകരണം തടയുന്നതിനാണ് ഈ വകുപ്പ്. അഞ്ച് വര്‍ഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാന്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നു. സാമൂഹ്യമാദ്ധ്യമങ്ങളെ ഉദ്ദേശിച്ചാണ് ഈ വകുപ്പെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചതെങ്കിലും, എല്ലാ മാദ്ധ്യമങ്ങളുടെയും വായ മൂടിക്കെട്ടാനുള്ള നീക്കമെന്ന വിമര്‍ശനമാണുയര്‍ന്നത്. സി.പി.ഐക്കും ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും മന്ത്രിസഭയില്‍ പാര്‍ട്ടി മന്ത്രിമാര്‍ വിയോജിപ്പൊന്നും പ്രകടിപ്പിച്ചില്ല