മാവുങ്കാൽ നെല്ലിത്തറയിലെ പ്രസാദിനെ 13 കിലോവാട്ട് വൈദ്യുതി മോഷണം പിടികൂടി : പിഴ ഏഴുലക്ഷം രൂപ
കാഞ്ഞങ്ങാട് : സ്വകാര്യ വ്യക്തിയുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ 13 കിലോ വാട്ട് വൈദ്യുതി മോഷണം കെ.എസ്.ഇ.ബി. ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് പിടിച്ചു. മാവുങ്കാൽ നെല്ലിത്തറയിലെ പ്രസാദിന്റെ വീട് കേന്ദ്രീകരിച്ച് നടത്തിയ വൈദ്യുതി മോഷണമാണ് ശനിയാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. കേസിൽ ഏഴ് ലക്ഷത്തോളം രൂപ പിഴ ഈടാക്കുമെന്ന് മോഷണം പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മാസങ്ങളായി ഈ വീട്ടിലെ വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം പിടികൂടിയത്. കാഞ്ഞങ്ങാട്ടും പരിസരഭാഗത്തുമുള്ള ഹോട്ടലുകളിലേക്ക് പലഹാരങ്ങൾ തയ്യാറാക്കി വിൽക്കുന്ന കുടംബം ഒരു വർഷമായി വൈദ്യുതി മോഷണം തുടരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി 11-ന് തുടങ്ങിയ പരിശോധന ഞായറാഴ്ച പുലർച്ചെ നാല് വരെ നീണ്ടു നിന്നു. പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കെ.എസ്.ഇ.ബി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ, അസി. എൻജിനീയർ, സബ് എൻജിനീയർ, ലൈൻമാൻ എന്നിവരുമുണ്ടായിരുന്നു.
വൈദ്യുതി മോഷണം
:ലൈനിൽനിന്ന് മീറ്ററിലേക്ക് എത്തുന്നതിന് മുമ്പ് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതിനെയാണ് വൈദ്യുതി മോഷണം എന്നു പറയുന്നത്. മീറ്ററിൽ രേഖപ്പെടുത്താതെ ഈ വൈദ്യുതിക്ക് ഉപഭോക്താക്കൾ പണം അടക്കാതെ രക്ഷപ്പെടുന്നു. ഈ വൈദ്യുതിയുടെ നഷ്ടം കെ.എസ്.ഇ.ബി. സഹിക്കേണ്ടിവരുന്നു. ക്രിമിനൽ കുറ്റകൃത്യമായ ഈ മോഷണം പിടിക്കപ്പെട്ടാൽ ബോർഡിനുണ്ടായ നഷ്ടം പരിഗണിച്ച് ഒരു കിലോ വാട്ട് വൈദ്യുതിക്ക് 4000 രൂപവെച്ച് കെ.എസ്.ഇ.ബി. പിഴ ഈടാക്കും. കൂടാതെ പ്രതികൾ ക്രിമിനൽ നടപടിയും നേരിടണം. ഇതിൽനിന്ന് ഒഴിവാക്കുന്നതിന് പിഴ അടച്ചാൽ മതിയാകും.