നീലേശ്വരം : സാക്ഷരത തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചതിൽ സംസ്ഥാനതലത്തിൽ നീലേശ്വരം നഗരസഭ ഒന്നാം സ്ഥാനത്ത് എത്തി 2016-20 കാലയളവിൽ 2166029 / -രൂപയാണ് നീലേശ്വരം നഗരസഭ സാക്ഷരത തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി പദ്ധതി വിഹിതമായി ചിലവഴിച്ചത് ,
ഗ്രാമപഞ്ചായത്തുകളിൽ മൈനാഗപ്പള്ളി പഞ്ചായത്തും , ബ്ലോക്ക് പഞ്ചായത്തുകളിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്തും , കോർപ്പറേഷനുകളിൽ തിരുവനന്തപുരം കോർപ്പറേഷനും ജില്ലാ പഞ്ചായത്തുകളിൽ കോട്ടയം ജില്ലാ പഞ്ചായത്തും ഒന്നാമതായി . ഒന്നാം സ്ഥാനത്ത് എത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള സാക്ഷരതാ മിഷൻ ഉപഹാരം നൽകി ആദരിക്കുന്നുണ്ട് .
ഇതോടൊപ്പം കൃഷി , ക്ഷീരവികസനം , മൃഗസംരക്ഷണം , ആരോഗ്യം , വിദ്യാഭ്യാസ പദ്ധതികൾ തുടങ്ങിയവയിലും 100% പദ്ധതി വിഹിതം ചിലവഴിച്ച നഗരസഭയാണ് നീലേശ്വരം . കൂടാതെ മൃഗസംരക്ഷണ പദ്ധതികൾക്കായി സംസ്ഥാനത്ത് ഏറ്റവും തുക ചിലവഴിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനം എന്ന അംഗീകാരവും നീലേശ്വരം നഗരസഭയ്ക്ക് ഉണ്ട് . സാക്ഷരതാ – തുടർസാക്ഷരതാ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തുവാൻ നീലേശ്വരം നഗരസഭയ്ക്ക് സാധിച്ചതിൽ സാക്ഷരതാ പ്രേരക്മാർ , സാക്ഷരതാ പ്രവർത്തകർ , ഇതിന് നേതൃത്വം നൽകിയ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങൾ തുടങ്ങിയവരെ നഗരസഭാ ചെയർമാൻ പ്രൊഫ . കെ പി ജയരാജനും , വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫിയും അഭിനന്ദിച്ചു .