ഷാർജ പുസ്തക മേള; എം.മുകുന്ദന്റെ പ്രസിദ്ധ നോവലായ ‘മയ്യഴി പുഴയുടെ തീരങ്ങളിന്റെ’ അറബി പരിവർത്തനം ‘അലാ ഇഫാഫി മയ്യഴി’ ഹിസ് ഹൈനസ് ശൈഖ് മാജിദ് റാഷിദ് അൽ മുഅല്ല ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്റർ സലാം പാപ്പിനിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു
ഷാർജ: ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തക മേളയിൽ എം.മുകുന്ദന്റെ പ്രസിദ്ധ നോവലായ ‘മയ്യഴി പുഴയുടെ തീരങ്ങളിന്റെ’ അറബി പരിവർത്തനം ‘അലാ ഇഫാഫി മയ്യഴി’ ഹിസ് ഹൈനസ് ശൈഖ് മാജിദ് റാഷിദ് അൽ മുഅല്ല ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോർഡിനേറ്ററും യുഎഇയിലെ നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ പ്രസാധകരായ ഒലീവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽ വെച്ചാണ് പ്രകാശന ചടങ്ങ് നടന്നത്.മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി സ്വദേശിയായ കെ.എം.അലാവുദ്ധീനാണ് അലാ ഇഫാഫി മയ്യഴിയുടെ രചയിതാവ്. മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതി ഭാഷാപരിജ്ഞാനത്തിൽ തന്റേതായ കഴിവ് തെളിയിച്ച വ്യക്തികൂടിയാണ് ഇദ്ദേഹം.
ഉത്തരകേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനും നോവലിസ്റ്റുമായ എം.മുകുന്ദൻ എഴുതിയ മലയാളം നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. കാലവാഹിനിയായ മയ്യഴിപ്പുഴയുടെ കഥയാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം ഫ്രഞ്ചധീന മയ്യഴിയുടെ മടിത്തട്ടിൽ ദാമു റൈട്ടറുടെയും കൗസുവമ്മയുടെയും മകനായി പിറന്നു വീണ ദാസനാണ് കഥയിലെ കേന്ദ്രകഥാപാത്രം. മയ്യഴിയിൽ ഇന്റർമീഡിയറ്റ് പരീക്ഷയും പോണ്ടിച്ചേരിയിൽനിന്ന് ബക്കലോറയ പരീക്ഷയും പാസായ ദാസന് മയ്യഴിയിൽ സർക്കാർ ജോലിയിൽ പ്രവേശിക്കാനോ ഫ്രാൻസിൽ ഉപരിപഠനത്തിന് ചേരാനോ അവസരമുണ്ടായിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന കുഞ്ഞനന്തൻ മാസ്റ്ററുടെ സ്വാധീനത്തിൽ ദാസൻ ഫ്രഞ്ച് അധിനിവേശത്തിനെതിരെ പ്രവർത്തനമാരംഭിക്കുകയും 1948-ൽ നടന്ന വിമോചന സമരം പരാജയപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ ദാസന് പിന്നീട് പന്ത്രണ്ട് വർഷം തടവ് അനുഭവിക്കേണ്ടി വരുന്നു. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തേടിയ ദാസന് അങ്ങനെ ചങ്ങലകളില്‍ ബന്ധിതനായി. 1954-ൽ ഫ്രഞ്ച് സർക്കാർ മയ്യഴി വിട്ടതോടെ ദാസൻ ജയിൽ മോചിതനായിയെങ്കിലും മറ്റൊരു വിവാഹമുറപ്പിക്കുന്നതിനെ തുടർന്ന്, ദാസന്റെ കാമുകി ചന്ദ്രിക അയാളെ വിട്ടുപ[പിരിയുകയാണ്.
സ്വയം നഷ്ടപ്പെട്ട ഓര്‍മകളില്‍ ചന്ദ്രികയുമായി ഒന്നിക്കാനാഗ്രഹിച്ചപ്പോഴും വെളളിയാങ്കല്ലുകളെ ചുറ്റിപ്പറക്കുന്ന തുമ്പിയായിത്തീരാനേ ദാസനു കഴിഞ്ഞുളളു. മലയാള നോവലിന്റെ ചരിത്രത്തിലെ പ്രകാശപൂര്‍ണതയാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. ഇതിന്റെ അറബി പരിവർത്തനമാണ് അലാവുദ്ധീൻ തൻ്റെ ഭാഷാ പരിജ്ഞാനത്തിലൂടെ തർജ്ജമ ചെയ്തിരിക്കുന്നത്.
ചടങ്ങിൽ പ്രമുഖ എഴുത്തുകാരനായ ഇസ്മായിൽ മേലടി പുസ്തകം പരിചയപ്പെടുത്തി. പരിപാടിയിൽ ഒലിവ് പബ്ലിക്കേഷൻ മിഡിൽഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, ‘അലാ ഇഫാഫി മയ്യഴിയുടെ രചയിതാവ് അലാവുദ്ധീൻ, ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലശേരി, ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ്, ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, സാമൂഹ്യ പ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ്, സമീർ നന്തി, യുസ്റ എസന്തർ, മറിയം അഹമ്മദ്, സുബിത, നെജു, മീഡിയ കോർഡിനേറ്റർ അൻഷീറ എന്നിവർ സന്നിഹിതരായിരുന്നു