കാസർകോട് : ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് വിവാദത്തിൽ ഖമറുദ്ദീനെതിരെ പാർട്ടി നടപടി ഉണ്ടാകില്ലന്ന് വ്യക്തമായതോടുകൂടി തട്ടിപ്പിന് ഇരയായ നൂറുകണക്കിന് ലീഗ് കുടുംബാംഗങ്ങൾ പാർട്ടിയുമായുള്ള ബന്ധം വേർപെടുത്തുമെന്നും നേതാക്കൾക്കെതിരെ പ്രചരണം നടത്തുമെന്നും വ്യക്തമാക്കി. പാർട്ടി കൊള്ളക്കാർക്ക് കീഴടങ്ങിയെന്നും തങ്ങൾ നിക്ഷേപകർക്കപ്പമാണ് എന്നുള്ളത് വെറും വാചകക്കസർത്താ യി മാറിയിരിക്കുകയാണന്നും ഇവർ ആരോപിച്ചു. ഇരയാക്കപ്പെട്ടവർ സ്വന്തം കുടുംബങ്ങൾ കേന്ദ്രീകരിച്ചു പാർട്ടിയിൽ നിന്നും തങ്ങൾക്ക് നേരിട്ട് വഞ്ചനാപരമായ നിലപാട് വിശദീകരിക്കാനും തീരുമാനമായി. ഖമറുദ്ദീനെതിരെ പരാതി നൽകിയിരിക്കുന്നത് പണം നഷ്ടപ്പെട്ടവരണെന്നും ഇതിനെ രാഷ്ട്രീയ വൽക്കരിച്ചു പുകമറ സൃഷ്ടിക്കുകയും ചെയ്തതോടുകൂടി പാർട്ടി തങ്ങളെ വഞ്ചിക്കുകയാണെന്നും ദൈവത്തിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നുള്ളത് ഓർക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു. അടുത്ത ദിവസം തന്നെ നിക്ഷേപ തട്ടിപ്പിനിരയായവർ ഒത്തുകൂടാനും തുടർ പരിപാടികൾ ആലോചിക്കാൻ യോഗം ചേരാനും തീരുമാനിച്ചിരിക്കുകയാണ്.അതെ സമയം എം സി കമറുദ്ദീന്റെ അറസ്റ്റ് അസാധാരണ നടപടിയെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി . സർക്കാരിനെതിരായ വിവാദങ്ങൾ ബാലൻസ് ചെയ്യാനുളള നീക്കമാണെന്നും കമറുദ്ദീനെതിരെ എന്ത് അന്വേഷണമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കമറുദ്ദീന്റെ മറ്റ് കാര്യങ്ങളൊന്നും പാർട്ടി അറിഞ്ഞിരുന്നില്ല. ഒരുപാട് ആൾക്കാർക്ക് പൈസ കൊടുക്കാനുളള സിറ്റിംഗ് എം എൽ എമാരുണ്ട്. അധികാര ദുർവിനിയോഗമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇല്ലാത്ത പ്രാധാന്യമാണ് കേസിന് നൽകിയത്. കമറുദ്ദീൻ രാജിവയ്ക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിനെതിരെ പാർട്ടി നടപടിയുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു