കോഴിക്കോട്: എം സി കമറുദ്ദീന്റെ അറസ്റ്റ് അസാധാരണ നടപടിയെന്ന് മുസ്ലീം ലീഗ്. സർക്കാരിനെതിരായ വിവാദങ്ങൾ ബാലൻസ് ചെയ്യാനുളള നീക്കമാണിത്. നിലവിലുളള വിവാദങ്ങൾ മറികടക്കാനുളള നീക്കമാണിത്. കമറുദ്ദീനെതിരെ എന്ത് അന്വേഷണമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.നിക്ഷേപകരുടെ പണം എത്രയും വേഗം തിരിച്ച് കൊടുക്കണമെന്നാണ് ലീഗ് നിലപാട്. ചോദ്യം ചെയ്യലിന്റെ ഇടയിൽ ഇറങ്ങി വന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ്. കേന്ദ്ര ഏജൻസികൾ വാർത്ത ചോർത്തുന്നുവെന്നാണ് സി പി എം പരാതി. എന്നാൽ ഇത് നേരിട്ട് വന്ന് പത്രസമ്മേളനം നടത്തുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ജാമ്യം കിട്ടാത്ത വകുപ്പുകളൊക്കെ എഴുതിവച്ച് അറസ്റ്റ് ചെയ്ത് വാർത്തയാക്കിയിരിക്കുകയാണ്. പാർട്ടി എടുത്ത നിലപാട് ശരിയായിരുന്നു. എന്നാൽ രാഷ്ട്രീയമായ കാരണങ്ങളാൽ സർക്കാർ എല്ലാം കുഴയ്ക്കുകയായിരുന്നു. ആരോപണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തത് തെറ്റാണ്. മുഖ്യമന്ത്രി തൊട്ട് താഴോട്ട് ഉളള എല്ലാവർക്കും എതിരെ ആരോപണമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കമറുദ്ദീന്റെ മറ്റ് കാര്യങ്ങളൊന്നും പാർട്ടി അറിഞ്ഞിരുന്നില്ല. ഒരുപാട് ആൾക്കാർക്ക് പൈസ കൊടുക്കാനുളള സിറ്റിംഗ് എം എൽ എമാരുണ്ട്. അധികാര ദുർവിനിയോഗമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇല്ലാത്ത പ്രാധാന്യമാണ് കേസിന് നൽകിയത്. കമറുദ്ദീൻ രാജിവയ്ക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിനെതിരെ പാർട്ടി നടപടിയുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.