ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു എംഎൽഎ കേരളത്തിൽ അറസ്റ്റിലാവുന്നത് ഇത് ആദ്യമാണ് .ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. എന്നാൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ മാത്രമാണ് ഇപ്പോൾ കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രധാന പരാതിക്കാരെല്ലാം ലീഗ് പ്രവർത്തകരും അനുഭാവികളുമാണ്. കേസിൽ കമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങൾ ഇകെ വിഭാഗം സുന്നികളുടെ ആത്മീയ നേതാവാണ്. കമറുദ്ദീനേയും പൂക്കോയ തങ്ങളേയും മുന്നിൽ കണ്ടും ഇവരുടെ വാക്കുകൾ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാർ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചത്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ലീഗ് നേരിട്ട് നടത്തിയ മധ്യസ്ഥത ശ്രമങ്ങൾ പരാജയപ്പെട്ടിട്ടു പോലും നിരവധി പേർ ഇതുവരെ പരാതി നൽകാതെ മാറി നിന്നിരുന്നു. കമറുദ്ദീൻ്റെ അറസ്റ്റോടെ ഇവരും ഇനി പരാതിയുമായി പൊലീസിൽ എത്താനാണ് സാധ്യത. പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകി കേസുകൾ ഒത്തുതീർപ്പാക്കുും എന്നായിരുന്നു എം എൽ യുടെ നിലപാട് , ഈ വാക്ക് വിശ്വസിച്ച് ലീഗ് നേതൃത്വവും പ്രശ്നത്തിൽ തണുത്ത സമീപനമാണ് സ്വീകരിച്ചത്. എന്നാൽ കൂടുതൽ പേർ പരാതികളുമായി രംഗത്തു വരികയും ഇപ്പോൾ അറെസ്റ്റിലാകുകയും ചെയ്തോതോടെ ലീഗ് നേതാക്കൾ വെട്ടിലായിരിക്കുകയാണ് ,ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജ്വല്ലറി എംഡി പൂക്കോയ തങ്ങളേയും ഒന്‍പതു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികള്‍ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. എണ്ണൂറോളം പേരില്‍നിന്നായി 150 കോടി രൂപയാണ് കാസര്‍കോട് ജില്ലയിലെ ലീഗ് നേതാക്കള്‍ ജ്വല്ലറിയുടെ മറവില്‍ തട്ടിയെടുത്തത്. 96 കോടി രൂപ നിക്ഷേപമായും 50 കോടിയിലധികം രൂപ സ്വര്‍ണ സ്കീമുകളിലൂടെയും വാങ്ങി. ജ്വല്ലറി പൂട്ടിയപ്പോള്‍തന്നെ ഖമറുദ്ദീന് ആസ്തികള്‍ വിറ്റു. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതിനാല്‍ ബാക്കി ആസ്തികള്‍ ഡയറക്ടര്‍മാര്‍ക്കോ മധ്യസ്ഥനോ വില്‍ക്കാനാവില്ല. കമ്പനി രേഖയിലെവിടെയും പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചതായും കാണിച്ചിട്ടില്ല. എന്നിട്ടും നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടാനാണ് ഖമറുദ്ദീനും ലീഗ് നേതൃത്വവും ഇതുവരെ ശ്രമിച്ചത്. അത് അറിയാതെ നേതൃത്വത്തെ വിശ്വസിച്ച് പൊലീസില്‍ പരാതിപ്പെടാതെ കാത്തിരിക്കുകയായിരുന്നു ഭൂരിപക്ഷം നിക്ഷേപകരും. പിന്നീടാണ് അവര്‍ പരാതിയുമായെത്തിയത്.