ആറ് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികളും മകനും അറസ്റ്റില്‍; വ്യാജൻ അച്ചടിച്ച സാമഗ്രികളും പിടികൂടി
മംഗളൂരു: ആറ് ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി ദമ്പതികളും മകനും പൊലീസ് പിടിയിലായി. ബംഗളൂരു സ്വദേശികളായ എ. അജയ്, ഭാര്യ ജി. ശാന്തകുമാരി, മകന് തോമസ് എന്നിവരെയാണ് സകലേഷ്പുരത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയ പൊലീസ് കണ്ടെടുത്തു. 2000, 500, 200 രൂപകളുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 1.52 ലക്ഷം രൂപയുടെ യഥാര്‍ഥ നോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജകറന്‍സികള്‍ അച്ചടിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, സ്കാനര്‍, പ്രിന്റര്‍ തുടങ്ങിയ സാമഗ്രികളും കസ്റ്റഡിയിലെടുത്തു. ദമ്പതികളും മകനും സക്ലേഷ്പുരത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം നല്‍കിയത് കള്ളനോട്ടാണ്. സംശയം തോന്നിയ ഹോട്ടലുടമ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. എസ്.ഐ ഭാരതി രായണ്ണ ഗൗഡ, എ.എസ്.ഐ രംഗസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി കുടുംബത്തെ ചോദ്യം ചെയ്തപ്പോഴാണ് കള്ളനോട്ട് ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്
കാര്‍ വാടകക്കെടുത്ത് കര്‍ണ്ണാടകയിലെ വിവിധഭാഗങ്ങളില്‍ സഞ്ചരിക്കുകയും കള്ളനോട്ടുപയോഗിച്ച് വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ബാക്കി ലഭിക്കുന്ന ശരിയായ നോട്ടുകള്‍ ഇവര്‍ വീട്ടില്‍ സൂക്ഷിക്കും. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി പൊലീസ് പറഞ്ഞു.