സോളാര്‍ കേസ്തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് അനില്‍ കുമാറിനേയും ഉമ്മന്‍ചാണ്ടിയേയും പൊലീസ് ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മന്ത്രി എ പി അനില്‍കുമാറിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ സോളാര്‍ കേസ് വീണ്ടും പൊടിതട്ടിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചന. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനും തീരുമാനമുണ്ട്. തങ്ങള്‍ക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലുളള ഏക വഴി പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെയുളള കേസുകളില്‍ അന്വേഷണം ദ്രുതഗതിയിലാക്കുക എന്നത് മാത്രമാണ്.പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ അന്വേഷണസംഘം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. 2012 സെപ്തംബര്‍ 29ന് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ വച്ച് പരാതിക്കാരിയെ അനില്‍കുമാര്‍ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പീഡനം നടന്നെന്ന് പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി കാണിച്ച് നല്കി. എന്നാല്‍ മൊഴിയിലും തെളിവിലും ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടാനുണ്ടെന്നാണ് പൊലീസ് വിശദീകരണം.പീഡനം നടന്നെന്ന് പറയുന്ന മുറിയില്‍ അന്നേ ദിവസം അനില്‍കുമാര്‍ താമസിച്ചിരുന്നോയെന്ന് അന്വേഷിച്ചെങ്കിലും ഹോട്ടലില്‍ നിന്ന് രേഖകള്‍ ലഭിച്ചിട്ടില്ല. അത്തരം തെളിവുകള്‍ ഉറപ്പിച്ചാല്‍ മാത്രമേ കടുത്ത നടപടിയിലേക്ക് പൊലീസിന് നീങ്ങാനാവൂ. മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. എന്നാല്‍ ആ പദ്ധതികള്‍ക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നത് പ്രധാന പൊരുത്തക്കേട്.