സി.പി.ഐ.യിൽ ചേരിപ്പോര് രൂക്ഷം,
കാനത്തിനെതിരെ തിരിച്ചടിക്ക് ഒരുങ്ങി
ഇസ്മായിൽ ഗ്രൂപ്പ്
തിരുവനന്തപുരം: ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിഞ്ഞ് സി.പി.ഐ.യിൽ കാനം രാജേന്ദ്രനെതിരേ നേതാക്കൾ. പി.എസ്. സുപാലിനെ സസ്പെൻഡ് ചെയ്യാനുള്ള കാനത്തിന്റെ നിർദേശം സംസ്ഥാന നിർവാഹകസമിതി-കൗൺസിൽ യോഗങ്ങളിൽ കടുത്ത ചേരിതിരിവുണ്ടാക്കി. ഈ നിർദേശം വന്നതോടെ പഴയ കെ.ഇ. ഇസ്മയിൽ വിഭാഗക്കാർ പുതിയരീതിയിൽ കാനത്തിനെതിരേ ഒന്നിച്ചു. ഇതിനൊപ്പം കാനത്തിന്റെ വിശ്വസ്തനായിരുന്ന പ്രകാശ് ബാബു മറുചേരിയോട് അടുക്കുകയും ചെയ്തു.
ഫെബ്രുവരിയിൽ കൊല്ലം ജില്ലാനിർവാഹകസമിതി യോഗത്തിൽ പി.എസ്. സുപാലും ആർ. രാജേന്ദ്രനും തമ്മിലുണ്ടായ വാക്കേറ്റമാണ് നടപടിക്ക് കാരണം. ഇസ്മയിൽ പക്ഷത്തിനൊപ്പമുള്ളയാളാണ് പി.എസ്. സുപാൽ. കാനം രാജേന്ദ്രന്റെ വിശ്വസ്തനാണ് ആർ. രാജേന്ദ്രൻ. കൊല്ലം ജില്ലാസെക്രട്ടറിയായി രാജേന്ദ്രനെ സംസ്ഥാന നേതൃത്വം നിർദേശിച്ചപ്പോൾ അത് ജില്ലാഘടകം തള്ളിയിരുന്നു. ആ തർക്കത്തിന്റെയൊക്കെ തുടർച്ചയാണ് സുപാലുമായുണ്ടായ വാക്കേറ്റവും.
നടപടി നിർദേശം വന്ന നിർവാഹകസമിതി യോഗത്തിൽ 15 പേരാണ് പങ്കെടുത്തിരുന്നത്. സുപാലിനെ സസ്പെൻഡ് ചെയ്യാനും ആർ. രാജേന്ദ്രനെ പരസ്യമായി താക്കീത് ചെയ്യാനുമുള്ള നിർദേശം കാനം യോഗത്തിൽ അവതരിപ്പിച്ചു. ഇതിനോട് അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബുവും സത്യൻ മൊകേരിയും വിയോജിച്ചു. സി.എൻ. ചന്ദ്രൻ, എ.കെ. ചന്ദ്രൻ തുടങ്ങിയവരും സുപാലിനെ സസ്പെൻഡ് ചെയ്യുന്നതിനെ എതിർത്തു. എതിർത്തവരെക്കാൾ ഒരാളാണ് അനുകൂലിക്കുന്നവരിൽ അധികമുണ്ടായത്. ഇതോടെ, നടപടി കൗൺസിലിന് വിട്ടു.
ഓൺലൈനിൽ ചേരുന്ന ഒരു കൗൺസിൽ യോഗത്തിൽ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് തെറ്റാണെന്നുപോലും എതിർത്ത അംഗങ്ങൾ പറഞ്ഞു. സുപാൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പാലക്കാട്, കോട്ടയം ജില്ലാസെക്രട്ടറിമാരാണ് പ്രധാനമായും ഈ നടപടിയെ കൗൺസിലിൽ അനുകൂലിച്ചത്. ഒടുവിൽ തീരുമാനം കൗൺസിൽ അംഗീകരിച്ചതായി അധ്യക്ഷനായിരുന്ന കെ.പി. രാജേന്ദ്രൻ പ്രഖ്യാപിക്കുകയായിരുന്നു.
തെറ്റിന്റെ ഗുരു-ലഘുത്വം നോക്കിയാണ് ശിക്ഷ -കാനം
സംസ്ഥാന കൗൺസിൽ യോഗത്തിൽ നടന്നതെന്ന രീതിയിൽ ഭാവനയിലുള്ള കാര്യങ്ങളാണ് മാധ്യമങ്ങൾ വാർത്തയായി നൽകുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കൗൺസിൽ യോഗത്തിൽ ഒരു അഭിപ്രായഭിന്നതയുമുണ്ടായിട്ടില്ല. സുപാലും രാജേന്ദ്രനും ഒരേകുറ്റമല്ല ചെയ്തത്. തെറ്റിന്റെ ഗുരു-ലഘുത്വം നോക്കിയാണ് ശിക്ഷ നൽകുന്നതെന്നും കാനം പറഞ്ഞു.