അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമി, ഇ ഡി കണ്ടെത്തിയ ക്രെഡിറ്റ് കാർഡ് കേരളത്തിൽ ഉപയോഗിച്ചിരുന്നു
തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത ക്രെഡിറ്റ് കാർഡിന്റെ ഇടപാടുകൾ നിർണായക തെളിവാകും. ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് എങ്ങനെ ബിനീഷിന്റെ കൈയിൽ എത്തി എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇ.ഡി. ഉദ്യോഗസ്ഥർ കാർഡ് കൊണ്ടുവന്നുെവച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിക്കുന്നുണ്ട്.
അനൂപിന്റെ കാർഡ് ഉപയോഗിച്ച് കേരളത്തിൽ പലയിടത്തും ഇടപാടുകൾ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയതായാണു വിവരം. ഈ ദിവസങ്ങളിൽ കാർഡ് ഉപയോഗിച്ച ഇടങ്ങളിൽ അനൂപ് ഇല്ലായിരുന്നു. അങ്ങനെയെങ്കിൽ കാർഡ് ആര് ഉപയോഗിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ട്. കാർഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി. കാർഡ് നൽകിയ ബാങ്കിൽനിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇ.ഡി. ശേഖരിച്ചു.
അനൂപ് മുഹമ്മദിനെ മുന്നിൽനിർത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെവരെ വിവരങ്ങൾ ശേഖരിച്ചത്.
സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലെ ബിനീഷിന്റെ പങ്കാളിത്തം ഇ.ഡി. അന്വേഷിച്ചത് ഇതിന്റെ ഭാഗമായാണ്. കണ്ണൂർ സ്വദേശിയായ മുൻമന്ത്രിപുത്രനുമായി ചേർന്നാണ് ബിനീഷും ബിനോയിയും ഈ സ്ഥാപനം തുടങ്ങിയത്. വിവാദമായപ്പോൾ മൂവരും പിന്മാറി. പകരം വേറെ നടത്തിപ്പുകാരെത്തി. ഇപ്പോഴും ഈ സ്ഥാപനത്തിന് സർക്കാരിൽനിന്ന് മരുന്നുവിതരണത്തിനുള്ള കരാർ ലഭിച്ചിട്ടുണ്ട്. അബ്ദുൾ ലത്തീഫ്, അൽജാസിം എന്നിവരുടെ സാമ്പത്തിക ഇടപാടുകളിലും അസ്വഭാവികതകളുണ്ടെന്നാണ് കണ്ടെത്തൽ.