മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്
lകൊച്ചി: മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് നീക്കം. തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകാൻ ജലീലിന് കസ്റ്റംസ് നോട്ടീസ് നൽകി. മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്തതിൽ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തതിൽ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇത് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ടീമിനെ കസ്റ്റംസ് നിയോഗിച്ചിരുന്നു. നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുർആൻ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തൽ. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീൽ ലംഘിച്ചെന്നും ആരോപണമുണ്ട്.മതഗ്രന്ഥങ്ങളെ കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തിരുന്നു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനൽ ഉപയോഗിക്കുന്നത്. ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങൾ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്.