ബിലീവേഴ്സ് ചര്‍ച്ച് റെയ്ഡില്‍ ഇതുവരെ പിടികൂടിയത് 14 കോടി,ചാരിറ്റി മറവില്‍ നടന്നത് ഇന്റര്‍നാഷണല്‍ തട്ടിപ്പ് ഐ ടി വകുപ്പ് വെളിപ്പെടുത്തലില്‍ അമ്പരന്ന് ജനം
കോട്ടയം :കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സ്ഥാപനങ്ങളില്‍ രണ്ടു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ആദായ നികുതി വകുപ്പ് റെയ്ഡില്‍ ഇതുവരെ പതിനാലര കോടി രൂപ പിടിച്ചെടുത്തതായി വിവരം. വെള്ളിയാഴ്ച്ച നടന്ന പരിശോധനയ്ക്കിടയില്‍ ഏഴ് കോടി രൂപയാണ് പിടികൂടിയത്. തിരുവല്ലയിലുള്ള ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നായിരുന്നു ഇത്രയും തുക കണ്ടെടുത്തത്. മെഡിക്കല്‍ കോളേജ് അകൗണ്ടന്റിന്റേതാണ് കാര്‍. തിരുവല്ലയില്‍ തന്നെയുള്ള ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനത്ത് നിന്നും രണ്ടു കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയതായും വിവരമുണ്ട്. കേരളത്തിലും ഡല്‍ഹിയിലുമുള്ള സ്ഥാപനങ്ങളിലും ഓഫിസുകളിലും ഒരേ സമയാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിന്റെ ആദ്യദിനം തന്നെ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 54 ലക്ഷം കണ്ടെത്തിയിരുന്നു. ഡല്‍ഹി ഓഫിസില്‍ നടത്തിയ പരിശോധനയില്‍ അഞ്ചുകോടിയും പിടികൂടിയിരുന്നു.
വ്യാഴാഴ്ച്ച രാവിലെ ഏഴര മുതല്‍ തുടങ്ങിയ പരിശോധനയാണ് മൂന്നാം ദിവസത്തിലേക്കും കടന്നിരിക്കുന്നത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് വിദേശത്ത് നിന്നും ചാരിറ്റിയുടെ മറവില്‍ കോടികള്‍ ബിലീവേഴ്സ് ചര്‍ച്ച് ആസ്ഥാനങ്ങളിലേക്ക് എത്തുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഏറ്റവും ഒടുവിലായി 100 കോടി രൂപ ഈ വിധത്തില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ പണം കണ്ടെത്തുകയാണ് ആദായ നികുതി വകുപ്പിന്റെ മുഖ്യലക്ഷ്യം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ കിട്ടുന്ന പണം സ്വകാര്യ ആസ്തി വര്‍ദ്ധിപ്പിക്കാനായാണ് ഉപയോഗിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും മറ്റുമായി ഇത്തരത്തില്‍ കോടികള്‍ മുതല്‍ മുടക്കിയിട്ടുണ്ടെന്നാണ് കെ പി യോഹന്നാനെതിരെയുള്ള ആരോപണം. പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെയും ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെയും പേരില്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. സ്കൂള്‍-കോളേജ്, ആശുപത്രികള്‍ എന്നിവ നിര്‍മിച്ചിരിക്കുന്നതും വിദേശ സഹയമായി കിട്ടിയ പണം കൊണ്ടാണെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഈ ആരോപണങ്ങളെല്ലാം തന്നെ കെ പി യോഹന്നാനെതിരേ നേരത്തെ തന്നെ നിലനില്‍ക്കുന്നവയുമാണ്. ഹാരിസണ്‍ മലയാളത്തിന്റെ കൈയില്‍ നിന്നും പത്തനംതിട്ടയിലെ ചെറുവെള്ളി എസ്റ്റേറ്റ് വാങ്ങിയതും ചാരിറ്റിക്കായി നല്കിയ വിദേശ സഹായം കൊണ്ടാണ്. ഇതുകൂടാതെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ വാങ്ങിയിരിക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും ഇടപാടുകള്‍ സംബന്ധിച്ചും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ 30 ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലീവേഴ്സ് ചര്‍ച്ച് വിദേശ സഹായം നേടിയെടുക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആറായിരം കോടി രൂപ ബിലീവേഴ്സ് ചര്‍ച്ചിന്റെ കീഴിലുള്ള വിവിധ ട്രസ്റ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ചാരിറ്റിയുടെ പേരില്‍ വിദേശ സഹായം തട്ടിയെടുക്കുന്നതില്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണം ബിലീവേഴസ് ചര്‍ച്ചുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നും ആദായ നികുതി വകുപ്പ് പറയുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരിലാണ് വിദേശ ഫണ്ട് ബിലീഴേസ് ചര്‍ച്ചിന് ലഭിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പണം ആ ഉദ്ദേശത്തില്‍ മാത്രം ചെലവഴിക്കണമെന്നും ഇതിന്റെ കൃത്യമായ കണക്ക് സര്‍ക്കാരിന് നല്‍കണമെന്നുമാണ് നിയമം. എന്നാല്‍, ഈ വഴി കിട്ടുന്ന ശതകോടികള്‍ സ്വകാര്യ ആസ്തി വര്‍ദ്ധിപ്പിക്കാനാണ് കെ പി യോഹന്നാനും സംഘവും ഉപയോഗിക്കുന്നതെന്ന ഗുരുതരമായ ആരോപണമാണ് ആദായ നികുതി വകുപ്പിനുള്ളത്. ആദായ നികുതി വകുപ്പിന് സമര്‍പ്പിക്കുന്ന കണക്കുകള്‍ വലിയ പൊരുത്തക്കേടുകള്‍ നിറഞ്ഞതാണെന്നും പറയുന്നു.