ബാലുശ്ശേരിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച പ്രതി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബാലുശ്ശേരി: ഉണ്ണികുളത്ത് നേപ്പാള്‍ ദമ്പതികളുടെ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്റ്റേഷന്റെ രണ്ടാം നിലയില്‍ നിന്ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോവുന്നതിനിടെ കോണിപ്പടിയില്‍ നിന്ന് ഒന്നാം നിലയിലേക്ക് ചാടുകയായിരുന്നു.
അപ്രതീക്ഷിതമായതനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനുമായില്ല. റൂറല്‍ എസ്.പി അടക്കമുള്ളവര്‍ സംഭവ സ്ഥലത്തുമുണ്ടായിരുന്നു. സ്വാകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ബുധനാഴ്ച രാത്രിയോടെയായിരുന്നു ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളികളായ നേപ്പാളി കുടുംബത്തിലെ ആറു വയസ്സുകാരി ക്രൂരപീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഇവരെ അന്വേഷിച്ച് രാത്രി അച്ഛന് വീട്ടില്‍നിന്നുപോയ സമയത്താണ് പ്രതി സ്ഥലത്തെത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്.
ഈ സമയം രണ്ട്, നാല്, വയസ്സുള്ള സഹോദരന്മാരും ആറുവയസ്സുകാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നോടെ അച്ഛന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ രക്തംവാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ നില അതിഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും പെണ്‍കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
സംഭവത്തില്‍ വടകര റൂറല്‍ എസ്.പി. എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബാലുശ്ശേരി സി.ഐ ജീവന് ജോര്‍ജ്ജ്, എസ്.ഐ മാരായ പ്രജീഷ്, മധു മൂത്തേടത്ത്, രാജീവ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു,പൃത്വിരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.