റോഡരികിൽ മാസ്ക്ക് ധരിച്ച് പുല്ലരിഞ്ഞ നാരായണിയമ്മ സമൂഹമാധ്യമങ്ങളിൽ വൈറലായി.. പിന്നാലെ അനുമോദനവു മായി ബേഡകം പോലീസ്
ബേഡകം: കഴിഞ്ഞ ദിവസം റോഡരികിൽ മാസ്ക്ക് ധരിച്ച് പുല്ലരിഞ്ഞ നാരായണിയമ്മയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറ്റിക്കോൽ പഞ്ചായത്തിൽ മാഷ് വിഷന് വേണ്ടി വിജയൻ ശങ്കരൻപാടി ആണ് വീഡിയോ റിപ്പോർട്ട് തയ്യാറാക്കിയത്.
ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ട ബേഡകം സ്റ്റേഷൻ ഹൗസ് ഓഫീസർ ഐപി, ഉത്തംദാസ് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെയും കൂട്ടി നാരായണി അമ്മയുടെ വീട്ടിലെത്തുകയായിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായ സന്ദേശം നൽകിയ നാരായണിയമ്മയെ സി ഐ പൊന്നാട അണിയിച്ച് ആദരിച്ചു. ജനമൈത്രി പോലീസിൻ്റെ ഉപഹാരമായിമാസ്ക്കും ഗ്ലൗസും കിറ്റും നൽകി. തറവാട് തൊണ്ടച്ചൻ തെയ്യത്തിന്റെയും കുടുംബാംഗങ്ങളുടെയും മുന്നിൽ കിട്ടിയ അംഗീകാരത്തിന് നാരായണിയമ്മ പോലീസുദ്യോഗസ്ഥർക്ക് കൈകൂപ്പി നന്ദി പറഞ്ഞു.
സി ഐക്കൊപ്പം ജനമൈത്രി ബീറ്റ് പോലീസ് ഉദ്യോഗസ്ഥരായ രാമചന്ദ്രൻ നായർ, സുകുമാരൻ കാടകം, രാജേഷ് കരിപ്പാടകം, സ്പെഷ്യൽ ബ്രാഞ്ചിലെ ഭാസ്ക്കരൻ ബേത്തൂർപാറ എന്നിവരും, മാഷ് വിഷനിലെ വിജയൻ ശങ്കരൻ പാടിയും നാരായണി അമ്മയുടെ വീട്ടിൽ എത്തിയിരുന്നു.