ഫാഷൻ ഗോൾഡിനെ ചൊല്ലി കോൺഗ്രസിൽ ആശങ്ക,
കാടങ്കോട് സീറ്റിനെച്ചൊല്ലി ചെറുവത്തൂർ യുഡിഎഫിൽ പൊട്ടിത്തെറി.
ചെറുവത്തൂർ : സീറ്റിനെച്ചൊല്ലി ചെറുവത്തൂരിൽ യുഡിഎഫിൽ പൊട്ടിത്തെറി. ചെറുവത്തൂർ പഞ്ചായത്തിലെ കാടങ്കോട് വാർഡിനെച്ചൊല്ലിയാണ് കോൺഗ്രസ്സും, ഘടക കക്ഷിയായ, ലീഗും തമ്മിൽ ഭിന്നതയുണ്ടായത്.
സീറ്റ് വിട്ടു കൊടുത്തില്ലെങ്കിൽ ഒറ്റയ്ക്ക് മൽസരിക്കുമെന്നാണ് ലീഗിന്റെ ഭീഷണി. കഴിഞ്ഞ ദിവസം ചെറുവത്തൂരിൽ നടന്ന യുഡിഎഫ് യോഗത്തിലാണ് കാടങ്കോട് സീറ്റിനെച്ചൊല്ലി കോൺഗ്രസ്സും, ലീഗും ഇടഞ്ഞത്. നിലവിൽ കോൺഗ്രസ്സ് പ്രതിനിധീകരിക്കുന്ന വാർഡ് തങ്ങൾക്ക് വിട്ടു നൽകിയില്ലെങ്കിൽ, യുഡിഎഫ് ബന്ധം ഉപേക്ഷിക്കുെമന്ന് ലീഗ് നേതാക്കൾ യുഡിഎഫ് യോഗത്തിൽ തുറന്നടിച്ചു.
ചെറുവത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സീറ്റ് ലീഗിന് വിട്ടു കൊടുക്കാമെന്ന നിർദ്ദേശം കോൺഗ്രസ്സ് മുന്നോട്ട് വെച്ചെങ്കിലും, ലീഗ് അംഗീകരിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് വിഷയം യുഡിഎഫ് ജില്ലാക്കമ്മറ്റിക്ക് വിട്ടു.
ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും കാടങ്കോട് വാർഡിലാണുള്ളത്, ഇവിടെ ലീഗിനെ മൽസരിപ്പിച്ചാൽ വാർഡ് നഷ്ടമാകുമെന്നാണ് കോൺഗ്രസ്സിന്റെ ആശങ്ക. അതേ സമയം കാടങ്കോട് നെല്ലിക്കാൽ ക്ഷേത്രത്തിന് കീഴിലെ സ്കൂളിൽ ജോലി ചെയ്ത മുൻ അധ്യാപകൻ പത്മനാഭനെ കോൺഗ്രസ്സ് നേതാക്കളായ വി. നാരായണൻ, കെ. ബാലകൃഷ്ണൻ എന്നിവർ സാമ്പത്തിക തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവം കോൺഗ്രസ്സിന് തിരിച്ചടിയാകുമെന്നാണ് ലീഗിന്റെ കണ്ടെത്തൽ.