മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്ര ഫണ്ട് കിട്ടാന്‍, സർക്കാരിനെതിരെ വീണ്ടും കാനം
കേരളത്തിൽ തണ്ടർബോൾട് വേണ്ടെന്നും..
തിരുവനന്തപുരം: കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരാണ്. എന്നാല്‍ അവരെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട്ടില്‍ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് അവിടെ സന്ദര്‍ശിച്ച ജനപ്രതിനിധികള്‍ക്ക് മനസ്സിലായിട്ടുണ്ട്. മരിച്ച വേല്‍മുരുഗന്റെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ അതിന് തെളിവാണ്. പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കില്‍ ഒരു പോലീസുകാരന് പോലും പരിക്കേല്‍ക്കാത്തത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു.
കേരളത്തില്‍ നക്സല്‍ ഭീഷണി നിലനില്‍ക്കുന്നില്ലെങ്കിലും ഇടയ്ക്കിടെ ഇവരെ വെടിവെച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ്. ഏറ്റുമുട്ടല്‍ കൊലപാതക നടപടികളില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം. കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ലെന്ന് തോന്നുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നാണ് കരുതുന്നതെന്നും കാനം പറഞ്ഞു.
മാവോയിസ്റ്റുകളെ തുടച്ചു നീക്കുന്നതിന്റെ പേരില്‍ വലിയ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അതിന് വേണ്ടിയാണ് ഇടയ്ക്കിടയ്ക്ക് ആളുകളെ വെടിവെച്ച് കൊല്ലുന്നത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിടണം. എന്നാല്‍ മജിസ്റ്റീരിയില്‍ അന്വേഷണത്തിന്റെ ശരിയായ ഒരു റിപ്പോര്‍ട്ടും പുറത്ത് വരുന്നില്ല എന്നത് മറ്റൊരു കാര്യമാണെന്നു കാനം ചൂണ്ടിക്കാട്ടി.