പഞ്ചാബില്‍ ഫെഡറലിസം സംരക്ഷിക്കണം, കേരളത്തില്‍ വേണ്ട; ഇരട്ടത്താപ്പ് ട്വീറ്റ് ചെയ്ത്
ചെന്നിത്തല
കൊച്ചി : കേന്ദ്ര അന്വേഷണ ഏജന്‍സികളെപ്പറ്റി ഇരട്ടത്താപ്പ് നിലപാടുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചാബില്‍ അന്വേഷണ ഏജന്‍സികള്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്നും, കേരളത്തില്‍ സര്‍ക്കാര്‍ അതേ ഏജന്‍സികളെ ഭയക്കുകയാണെന്നുമുള്ള ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങില്‍ ചര്‍ച്ചയാകുന്നത്.
ബിജെപിയുടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാക്കുന്നുവെന്ന ആരോപണത്തെ തള്ളുന്ന ചെന്നിത്തല രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ പഞ്ചാബ് സര്‍ക്കാറിനെ ആക്രമിക്കുന്നുവെന്ന നിലപാട് സ്വീകരിക്കുന്നു.
പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനും കുടുംബാംഗങ്ങള്‍ക്കും ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും നോട്ടീസ് കിട്ടിയ സംഭവത്തിലാണ് ചെന്നിത്തല കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തി ട്വീറ്റ് ചെയ്തത്. എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ചെയ്ത മറ്റൊരു ട്വീറ്റില്‍ കേരള സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ തടയാന്‍ ശ്രമിക്കുകയാണെന്നും, ഇത് ഭീരുത്വമാണെന്നുമാണ് ചെന്നിത്തല പറയുന്നത്.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പഞ്ചാബ് നിയമസഭ ബില്ലുകള്‍ പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസുകള്‍. കോര്‍പറേറ്റ് നുകത്തില്‍ കര്‍ഷകരെ കെട്ടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നാണ് അമരീന്ദര്‍ സിങ് പ്രതികരിച്ചത്. ഈ സംഭവത്തിനുശേഷം ആയിരുന്നു പ്രതിപക്ഷ നേതാവ് അമരീന്ദര്‍ സിങിനും പഞ്ചാബ് സര്‍ക്കാരിനും പിന്തുണ അറിയിച്ചത്.
എന്നാല്‍ കേരളത്തിലേക്ക് വരുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എന്ത് വ്യത്യാസമാണ് ഉണ്ടാകുന്നതെന്ന് സമൂഹമാധ്യമങ്ങള്‍ ചെന്നിത്തലയോട് ചോദിക്കുന്നു.