പിപിഇ കിറ്റ് ധരിച്ചെത്തി മോഷണം; കോഴിക്കോട് പയ്യോളിയില്‍ യുവാവിനെ കുടുക്കി പൊലീസ്
തലശേരി; പിപിഇ കിറ്റ് ധരിച്ച്
ഗൃഹോപകരണ കടയില്‍ മോഷണം നടത്തിയ യുവാവിനെ തന്ത്രപരമായി കുടുക്കി പൊലീസ്. പയ്യോളിയിലെ കടയില്‍നിന്ന് ഹോം തിയറ്റര്‍, മിക്സി ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങളും 30000 രൂപയും മോഷ്ടിച്ച ഇരിട്ടി സ്വദേശി മുബഷീറിനെയാണ്(28) പൊലീസ് പിടികൂടിയത്. പിപിഇ കിറ്റ് ധരിച്ചെത്തിയയാളെ സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയെങ്കിലും പ്രതി ധരിച്ചിരുന്ന ചെരുപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
കഴിഞ്ഞ ആഴ്ചയാണ് പയ്യോളിയിലെ ഗുഡ് വേ ഹോം അപ്ലയന്‍സസിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് മുബഷീര്‍ അകത്തുകടന്നത്. കടയില്‍നിന്ന് മുന്തിയ മോഡല്‍ ഹോം തിയറ്ററും അയ്യായിരം രൂപ വില വരുന്ന മിക്സിയും മറ്റു ചില ഗൃഹോപകരണങ്ങളും 30000 രൂപയുമാണ് ഇയാള്‍ കവര്‍ന്നത്. സംഭവം നടന്നു പിറ്റേദിവസം തന്നെ കടയുടമ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ചു പയ്യോളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ ആളാണ് കവര്‍ച്ച നടത്തിയതെന്ന് വ്യക്തമായത്. ഒറ്റനോട്ടത്തില്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും കാലില്‍ ധരിച്ചത് സാദാ ചെരുപ്പായിരുന്നുവെന്ന് വ്യക്തമായി. പിപിഇ കിറ്റില്‍ കാല്പാദത്തില് ധരിക്കേണ്ട ഭാഗം ഒഴിവാക്കിയാണ് ചെരുപ്പ് ധരിച്ചത്. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഷുഹൈബ് എന്ന മുബഷീറാണ് പിപിഇ കിറ്റ് ധരിച്ചെത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യോളി സി.ഐ എം.പി ആസാദ്, എസ്ഐമാരായ എ.കെ സജീഷ്, സി.എച്ച് ഗംഗാധരന്, എഎസ്ഐ ബിനീഷ്, രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രമാദമായ ഒരു കവര്‍ച്ചാ കേസില്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ മുബഷീര്‍, 2017ലാണ് പുറത്തിറങ്ങിയത്. അതിനുശേഷവും ഇയാള്‍ വടകര, പയ്യന്നൂര്‍, തലശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജയിലില്‍നിന്ന് ഇറങ്ങിയശേഷം വടകര സ്വദേശിനിയെ പ്രേമിച്ച് വിവാഹം കഴിച്ച മുബഷീര്‍, കൊയിലാണ്ടിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അതിനിടെയാണ് പയ്യോളിയിലെ കടയില്‍ മോഷണം നടത്തിയതും പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇന്നു പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കൂടുതല്‍ മോഷണ കേസുകളില്‍ ഇയാള്‍ക്കുള്ള പങ്കു കണ്ടെത്തുന്നതിനായി വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു.