കാഞ്ഞങ്ങാട് നഗരസഭയിൽ സിപിഎമ്മിന്റെ ഉറച്ച സീറ്റ് വേണമെന്ന് സിപിഐ, മനസ്സില്ലെന്ന് സിപിഎം
സീറ്റ് ചർച്ച എൽ ഡി എഫിൽ കീറാമുട്ടിയായി
കാഞ്ഞങ്ങാട്: നഗരസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സീറ്റ് പങ്കുവെക്കലിൽ ഇക്കുറിയും പതിവ് പോലെ സിപിഐ വഴങ്ങുന്നില്ല.റവന്യു മന്ത്രിയുടെ മണ്ഡലത്തിലാണ് സീറ്റ് ചർച്ച വഴിമുട്ടിയത്.
ഇടതുമുന്നണിയിൽപ്പെട്ട ഘടക കക്ഷികൾക്കുള്ള സീറ്റുകൾ ന്യായമായ നിലയിൽ തന്നെ സിപിഎം വെച്ചു നൽകിയപ്പോഴാണ്, നഗരപരിധിയിൽ സിപിഎമ്മിന് നൂറു ശതമാനം വിജയ സാധ്യതയുള്ള ഒരു സീറ്റിൽ സിപിഐ പിടിമുറുക്കിയത്. കഴിഞ്ഞ തവണ ഇടതുമുന്നണി സ്ഥാനാർത്ഥി വിജയിച്ച ഒരു സീറ്റ് തന്നെ തങ്ങൾക്ക് വേണമെന്ന കടുംപിടിത്തത്തിൽ സിപിഐ ഉറച്ചു നിൽക്കുകയാണ്.
സിപിഐ ഇത്തവണ ആവശ്യപ്പെട്ടത് 3 വാർഡുകളാണ്. രണ്ട് വാർഡുകൾ നൽകാമെന്ന് സിപിഎം സമ്മതിച്ചു. തീരദേശത്ത് ഒരു വാർഡ് നൽകുകയും ചെയ്തു. കഴിഞ്ഞ തവണ സിപിഎം പിടിച്ചെടുത്തതും, വിജയ സാധ്യത ഉറപ്പുള്ളതുമായ വാർഡ് തന്നെ തങ്ങൾക്ക് ലഭിക്കണമെന്നാണ് സിപിഐയുടെ ഒടുവിലത്തെ ആവശ്യം.
നഗരത്തിൽ മൊത്തം 43 വാർഡുകളിൽ ഏത് വാർഡാണ് വേണ്ടതെന്ന് സിപിഐ തുറന്നു പറയുന്നുമില്ല. ഇതോടെ ഇന്നലെ നടന്ന സീറ്റ് വിഭജന ചർച്ച അവസാനിപ്പിക്കുകയായിരുന്നു. ഐഎൻഎൽ, എൽജെഡി തുടങ്ങിയ കക്ഷികൾക്കുള്ള സീറ്റുകൾ ഇതിനകം ഇടതു മുന്നണി വീതം വെച്ചു നൽകി.
ഐഎൻഎൽ-ന് 6 സീറ്റും, ലോക്താന്ത്രിക് ജനതാ ദളിന് അരയി പാലക്കാൽ വാർഡുമാണ് വീതം വെച്ചു കൊടുത്തത്. ഇരു ഘടക കക്ഷികളും അവരവർക്ക് കിട്ടിയ സീറ്റുകളിൽ സംതൃപ്തരാണ്. സിപിഐയുടെ കാര്യത്തിൽ ഒരു തവണ കൂടി മുന്നണി നേതാക്കൾ ഒത്തു കൂടും. ജില്ലയിൽ മൂന്ന് നഗരസഭകളുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുൻ എംഎൽഏ, കെ. പി. സതീഷ്ചന്ദ്രൻ, ഇടതുമുന്നണി നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഡി. വി. അമ്പാടി എന്നിവർ ചർച്ചയ്ക്ക് നേ തൃത്വം നൽകി.
അതേസമയം സീറ്റുചർച്ചയിൽ സിപിഐ സിപിഎമ്മിനോട് നിഴൽയുദ്ധം നടത്തുകയാണെന്ന് ഘടകകക്ഷികൾ പറയുന്നു. കഴിഞ്ഞ ഇലക്ഷൻ ഘട്ടത്തിലും ഇതുതന്നെയായിരുന്നു സിപിഐ നയം. ഇതിന് കീഴ്പ്പെടില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിനുള്ളത്.
കാഞ്ഞങ്ങാട് നാഗരത്തിൽഎൽ ഡി എഫിൽ സിപിഎം കഴിഞ്ഞാൽ ഐ എൻ എല്ലാണ് പ്രബലകക്ഷി. അതേസമയം കാസർകോട് നഗരസഭയിൽ ഭൂരിഭാഗം സീറ്റുകളും സിപിഐക്ക് നൽകാമെന്ന് ഒരു സിപിഎം നേതാവ്
പരിഹാസമുയർത്തിയതും ചർച്ചയായിട്ടുണ്ട്.