ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരര്‍ക്ക് പെന്ഷന് വരെ നല്കുന്ന രാജ്യമാണ് പാകിസ്ഥാന്. യുഎന്‍ പട്ടികയിലുള്ള ഭീകരര്‍ പാകിസ്ഥാനില്‍ ഇല്ലെന്ന് ഉറപ്പ് തരുമോ എന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി വിദിശ മൈത്ര ചേദിച്ചു. പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഭീകരവാദത്തെ ന്യായീകരിക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു.
ഉസാമ ബിന്‍ലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന് ഖാനെന്നും കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി. വിദ്വേഷ പ്രസം?ഗമാണ് ഇമ്രാന് ഖാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രധാനമായും ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിന് ഒരു ദര്‍ശനം പകരാനാണ് സാധാരണ നേതാക്കള്‍ ഐക്യരാഷ്ട്ര സഭയെ ഉപയോ?ഗിക്കുന്നതെന്നും ആ വേദി ദുരുപയോഗം ചെയ്യുന്ന പാകിസ്ഥാനെയാണ് ഇന്നലെ കണ്ടതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
പാകിസ്ഥാന് പ്രധാനമന്ത്രിയുടെ പ്രസം?ഗം ഒരു രാജ്യതന്ത്രജ്ഞന്റെ പ്രസംഗമല്ല, മറിച്ച് യുദ്ധത്തിന്റെ വക്കോളം കാര്യങ്ങള്‍ എത്തിക്കുന്ന ഒരു വ്യക്തിയുടെ പ്രസംഗമായിരുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദം വ്യവസായമാക്കിയ രാജ്യം എന്തിന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കണമെന്നും ഇന്ത്യ ചോദിച്ചു.
ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇമ്രാന് ഖാന് ഇന്നലെ ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞിരുന്നു. ഇത് പരിശോധിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയിലെ നിരീക്ഷകരെ അനുവദിക്കാമെന്നും ഇമ്രാന് ഖാന് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ പാകിസ്ഥാന് പാലിക്കുമോ എന്ന് ലോകം ഉറ്റുനോക്കുമെന്നും ഇന്ത്യ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.