നടന് വിനീതിന്റെ ശബ്ദം അനുകരിച്ച് നര്‍ത്തകിമാര്‍ക്ക് തൊഴില്‍വാഗ്ദാനം;പരാതിയുമായി താരം
തിരുവനന്തപുരം: നടന് വിനീതിന്റെ വാട്സാപ്പ് നമ്പരില്‍ നിന്നെന്ന വ്യാജേന വാട്സാപ്പ് കോള്‍ ചെയ്തു ചില നര്‍ത്തകിമാര്‍ക്കു തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തെന്നു പരാതി. അമേരിക്കയില്‍നിന്നുള്ള നമ്പരില്നിന്നാണ്് ഇത്തരത്തില്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. വിനീത് ഡിജിപിക്ക് പരാതി നല്കി. പരാതി ഹൈടെക് സെല്ലിനു കൈമാറും.
വിനീതിന്റെ ശബ്ദം അനുകരിച്ചാണ് വാട്സാപ്പ് കോള്‍ ചെയ്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. വിനീതിന്റെ ശബ്ദത്തില്‍ കോള്‍ വന്നതായി അടുപ്പമുള്ളയാള്‍ അദ്ദേഹത്തെ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഗൗരവമുള്ള വിഷയമാണിതെന്നും, ആരും തട്ടിപ്പിനിരയാകാതിരിക്കാന്‍ അവബോധം നല്‍കാനാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും നടന് വിനീത് ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.
സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കുന്നതും തട്ടിപ്പു നടത്തുന്നതും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. നടന്മാരുടെയോ നടിമാരുടേയോ പേരില്‍ തട്ടിപ്പു നടത്തിയാല്‍ ജനം പെട്ടെന്നു വിശ്വസിക്കുന്ന അവസ്ഥയുണ്ട്. ജനങ്ങള്‍ ഇത്തരം തട്ടിപ്പുകള്ക്കിരയാകരുത്. ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കാവൂ.
തട്ടിപ്പു കണ്ടെത്തിയാല്‍ നിയമപരമായി നീങ്ങേണ്ടതും ജനത്തെ അറിയിക്കേണ്ടതും തന്റെ കടമയാണെന്നും വിനീത് പറഞ്ഞു. വിനീതിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടെന്ന പേരിലും മുന്‍പ് തട്ടിപ്പു നടത്തിയിരുന്നു. ഐപിഎസ് ഓഫിസര്‍മാരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ കേസ് ഹൈടെക് സെല്‍ അന്വേഷിച്ചു വരികയാണ്. രാജസ്ഥാന്, ഹരിയാന സംഘങ്ങളാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസിനു ലഭിച്ച വിവരം.