എ.കെ.ജി.സെന്ററില്‍ അടിയന്തര യോഗം; മുഖ്യമന്ത്രിയും കോടിയേരിയും ഉന്നത നേതാക്കളും
കൂടിക്കാണുന്നു നീക്കം ഇ ഡി യെ നേരിടാൻ
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളില്‍ റെയ്ഡ് നടത്തുന്നതിനിടെ എ.കെ.ജി സെന്ററില്‍ സിപിഎം നേതാക്കളുടെ അടിയന്തര യോഗം. മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്, സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
മറ്റു പാര്‍ട്ടി നേതാക്കളും എ.കെ.ജി സെന്ററിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം. മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തി വരികയാണ്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും സിപിഎമ്മിന് കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പാര്‍ട്ടിയുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട കണ്ണികളില്‍ കുരുക്ക് മുറുക്കിയതിനിടെയാണ് അടിയന്തര യോഗം എന്നതും ശ്രദ്ധേയമാണ്.
ബിനീഷിന്റെ വീട്ടില്‍ 25 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും ഭാര്യമാതാവും അടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ കുത്തിയിരുന്ന പ്രതിഷേധിച്ചു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന് എത്തിയതിന് പിന്നാലെ ഭാര്യയേയും കുട്ടിയേയും ഭാര്യാമാതാവിനേയും പുറത്തേക്ക് വിട്ടു. അവര്‍ കുട്ടിയേയും ബിനീഷിന്റെയും ഭാര്യയേയും ഒരു മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണം പോലും നല്‍കിയില്ലെന്നും പരാതിപ്പെട്ടിരുന്നു
രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘രണ്ടാം വിക്കറ്റ്’ എന്ന് പ്രതിപക്ഷം നേരത്തേ ഉന്നയിച്ചുതുടങ്ങിയിരിക്കുന്നു. ആ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഇ.ഡി.യുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിന് കുറ്റമില്ല, ശിവശങ്കറെന്ന ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വീഴ്ചയാണ് എല്ലാമെന്നുള്ള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണിത്.
ബിനീഷിനെതിരായ അന്വേഷണത്തിനും ഇ.ഡി. മൂര്‍ച്ച കൂട്ടിയതാണ് സി.പി.എം. നേരിടുന്ന മറ്റൊരു പ്രതിസന്ധി. പാര്‍ട്ടി നിലപാടും സെക്രട്ടറിയുടെ ബന്ധുത്വവും രണ്ടാണെന്ന വാദത്തിലൂന്നിയാണ് ഇതിനെ പ്രതിരോധിക്കുന്നത്. എന്നാല്‍, മകന്റെ ഇടപാടുകളില്‍ ഇ.ഡി. പിടിമുറുക്കുമ്പോള്‍, അതിന്റെ രാഷ്ട്രീയഭാരം ഏറ്റുവാങ്ങേണ്ടിവരുന്നത് കോടിയേരി ബാലകൃഷ്ണനാണ്.
സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ നാല് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് വിവിധ അന്വേഷണങ്ങളിലാണ്. സര്‍ക്കാരിനെ ‘നിഴലില്‍ നിര്‍ത്തി’യുള്ള കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയലക്ഷ്യം മുഖ്യമന്ത്രിയെക്കാള്‍ മുമ്പേ ചൂണ്ടിക്കാട്ടിയത് കോടിയേരിയായിരുന്നു. സര്‍ക്കാരിന് പാര്‍ട്ടികവചമൊരുക്കാന്‍ അദ്ദേഹമുണ്ടായി. എന്നാല്‍, അന്വേഷണം കോടിയേരിയെ തിരിഞ്ഞുകുത്തുമ്പോള്‍ കൂടെനില്‍ക്കാനാവാതെ അകലത്താണ് പാര്‍ട്ടിയും സര്‍ക്കാരും.