ബിനീഷിന്റെ മകളുമായി ഭാര്യാമാതാവ് പുറത്തേക്ക്, കുട്ടിയുടെ അവകാശം ലംഘിക്കാന്‍ ഇ.ഡിയെ അനുവദിക്കില്ലെന്ന് ബാലാവകാശ കമ്മിഷന്, അത്യന്തം നാടകീയം
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അത്യന്തം നാടകീയ രംഗങ്ങള്‍. ബീനീഷിന്റെ ഭാര്യയെയും മകളെയും എന്‍ഫോഴ്സ്മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കുടുംബാഗംങ്ങള്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തി. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ കമ്മിഷന് ഒരുതരത്തിലും അനുവദിക്കില്ലെന്ന് ബാലാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ വ്യക്തമാക്കി. കമ്മിഷന് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും, കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ ഉത്തരവ് ഇന്നുതന്നെ പുറപ്പെടുവിക്കുമെന്ന് മനോജ് കുമാര്‍ പറഞ്ഞുഅതേസമയം, ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു എന്നുപറയുന്ന രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ ഭാര്യമാതാവ് ആരോപിച്ചു. വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെങ്കില്‍ ആ സമയത്ത് അത് തങ്ങളെ വിളിച്ചു കാണിക്കണമായിരുന്നുവെന്നും, അല്ലാതെ ഇഡി പറയുന്നിടത്ത് ജയിലില്‍ പോകേണ്ടിവന്നാലും ഒപ്പിടില്ലെന്ന് അവര്‍ വ്യക്തമാക്കി. മുറിയില്‍ അടച്ചിട്ടാണ് തങ്ങളെ ചോദ്യം ചെയ്യുന്നതെന്നും, കുട്ടിക്ക് ഭക്ഷണം കൊടുക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് ആരോപിച്ചു.
ഭാര്യയെയും മകളെയും തടഞ്ഞുവച്ചിരിക്കുകയാണെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലവകാശ കമ്മിഷന്, ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് സി ആര് പി എഫ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനൊടുവില്‍ ബിനീഷിന്റെ ഭാര്യയെ അല്പസമയം പുറത്തേക്ക് വരാന്‍ ഇ.ഡി അനുവദിക്കുകയായിരുന്നു