യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ബൈഡന് മുന്നില്‍ , ആര് ജയിക്കുമെന്ന ആശയക്കുഴപ്പത്തില്‍
ലോകം
വാഷിംഗ്ടണ്‍ ; നവംബര്‍ 3 രാത്രി വരെ എണ്ണിത്തിട്ടപ്പെടുത്തിയ മെയില്‍ വഴിയുള്ള വോട്ടുകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനോ വിജയപ്രതീക്ഷ നല്‍കിയില്ല. എന്നാല്‍ ബുധനാഴ്ചയും തെരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വവും നിയമ പോരാട്ടങ്ങളും തുടര്‍ന്നപ്പോള്‍ അമേരിക്കക്കാര്‍ ചിലര്‍ നിരാശരായി, ചിലര്‍ പ്രതീക്ഷയോടെ കാത്തിരിപ്പായി. 2,35,000 ത്തോളം പേരുടെ മരണത്തിന് കാരണമായ കോവിഡ് മഹാമാരിയുടെ പിടിയിലായ അമേരിക്ക ഉയര്‍ന്ന തൊഴിലില്ലായ്മയടക്കമുള്ള പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് തെരഞ്ഞടുപ്പ് എന്നത് ഏറെ നിര്‍ണായകമാണ്. റെക്കോര്‍ഡ് പോളിംഗ് യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ഷന് ഡാറ്റാ ട്രാക്കര്‍ പ്രകാരം 120 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ആയ 65% ആണ് ഇത്തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് 100 ദശലക്ഷം അമേരിക്കക്കാരും മെയില്‍ വഴി ഇത്തവണ നേരത്തെ വോട്ട് ചെയ്തു. ഇതിനിടെ ട്രംപ് ബുധനാഴ്ച സ്വയം വിജയ പ്രഖ്യാപനവും നടത്തി. ‘ഇത് അമേരിക്കന്‍ പൊതുജനത്തിന് നേരെയുള്ള വഞ്ചനയാണ്. ഇത് നമ്മുടെ രാജ്യത്തിന് തന്നെ നാണക്കേടാണ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്, വോട്ടിംഗ് നിര്‍ത്താന്‍ ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോകും ‘ട്രംപ് പറഞ്ഞു,’ ഈ മത്സരത്തില്‍ വിജയിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസം ബൈഡനും കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ചൊവ്വാഴ്ച രാത്രി ഡെലവെയറിലെ വില്മിംഗ്ടണില് പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. പ്രധാന സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ ഇനിയും പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് ആരാണ് വിജയിക്കുക എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.