ക്ഷേത്രവും പരിസരവും പുനര്‍നിര്‍മ്മിക്കാന്‍ ചോറ്റാനിക്കര അമ്മയ്ക്ക് ഭക്തന്റെ 500 കോടി
കൊച്ചി: ചോറ്റാനിക്കര ഭഗവതിക്ക് കര്‍ണാടകയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് 500 കോടി രൂപയുടെ സമര്‍പ്പണത്തിനൊരുങ്ങുന്നു. ക്ഷേത്രവും പരിസരവും ശില്പചാതുരിയോടെ പുനര്‍നിര്‍മ്മിച്ച് സുന്ദരമായ ക്ഷേത്ര നഗരിയാക്കുകയാണ് ലക്ഷ്യം. പണമായി നല്‍കാതെ, നേരിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനാണ് വ്യവസായ ഗ്രൂപ്പിന് നേതൃത്വം നല്കുന്ന ഭക്തന്റെ താത്പര്യം.അവിശ്വസനീയമായ തുകയുടെ പദ്ധതി ഒരു വര്‍ഷം മുമ്പാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിനു മുമ്പാകെ സമര്‍പ്പിച്ചത്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ച് ബോര്‍ഡ് ഉന്നതരും കമ്പനി പ്രതിനിധി ഗണശ്രാവണ്ജിയും തമ്മില്‍ പലവട്ടം ചര്‍ച്ചകളും നടന്നു. വലിയ പദ്ധതിയായതിനാല്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശം സര്‍ക്കാരിനയച്ചു. വിശദാംശങ്ങള്‍ നിശ്ചയിക്കാനായി ദേവസ്വം വകുപ്പിന്റെ മറുപടിയും വന്നു. ഇത്രയും ബൃഹത്തായ പദ്ധതിയായതിനാല്‍ നിയമോപദേശ പ്രകാരം, ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി തേടാനുള്ള നടപടി ക്രമങ്ങളിലാണ് ദേവസ്വം ബോര്‍ഡ്.എറണാകുളത്തെ പ്രമുഖ ആര്‍ക്ടെക്ട് ബി.ആര്.അജിത്ത് അസോസിയേറ്റ്സാണ് പ്രാഥമിക പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭക്തന്റെയും ദേവസ്വം ബോര്‍ഡിന്റെയും മൂന്ന് പ്രതിനിധികളെ വീതവും ആര്‍ക്കിടെക്ടിനെയും ഉള്‍പ്പെടുത്തിയ സമിതിയുടെ കീഴില്‍ ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇതിനായി ധാരണാപത്രം തയ്യാറാക്കുകയാണ് ബോര്‍ഡ്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടാനും 250 കോടി നിര്‍വഹണ കമ്മിറ്റിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കാനും ബോര്‍ഡ് ആലോചിക്കുന്നു. ഭക്തന്റെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടില്ല.പദ്ധതിക്ഷേത്രത്തിനു ചുറ്റും റിംഗ് റോഡ്, കിഴക്കും പടിഞ്ഞാറും അലങ്കാര ഗോപുരങ്ങള്‍, സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, പാര്‍ക്കിംഗ് ഗ്രൗണ്ടുകളുടെ നവീകരണം, പുതിയ അന്നദാനമണ്ഡപം, നവരാത്രി മണ്ഡപം, ഓണക്കുറ്റിച്ചിറ ക്ഷേത്രപുനരുദ്ധാരണം, ഗസ്റ്റ് ഹൗസ് നിര്‍മ്മാണം തുടങ്ങിയവയ്ക്ക് 300 കോടിയും നഗരവികസനത്തിന് 200 കോടിയുമാണ് കണക്കാക്കിയിട്ടുള്ളത്.ക്ഷേത്രംകൊച്ചിന് ദേവസ്വം ബോര്‍ഡിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ക്ഷേത്രമാണിത്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് വലിയ തോതില്‍ ഭക്തര്‍ എത്താറുണ്ട്. സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഭക്തസമൂഹങ്ങളുണ്ട്.