പൊട്ടിത്തെറിയെ തുടര്‍ന്ന് കെമിക്കല്‍ ഗോഡൗണ്‍ തകര്‍ന്നു; ഗുജറാത്തില്‍ ആറ് മരണം
അഹമ്മദാബാദ്: രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിന് സമീപത്തുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ഗോഡൗണ്‍ തകരുകയും ആറുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുടുങ്ങിക്കിടന്ന 14 പേരെ പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗുജറാത്തിലെ പിരാന-പിപ്ലജ് റോഡിലാണ് സംഭവം. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് ഫാക്ടറി തകര്‍ന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിക്കേറ്റവരെ എല്‍ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ചീഫ് ഫയര്‍ ഓഫിസര്‍ എംഎഫ് ദാസ്തൂര്‍ പറഞ്ഞു. രാവിലെ ഏകദേശം 11 മണിയോടെയാണ് സംഭവം. 26 ഫയര്‍ എന്ജിന് വാഹനങ്ങള്‍ എത്തിയാണ് തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അശോക് മുനിയ പറഞ്ഞു. സ്ഫോടനത്തില്‍ ഗോഡൗണിന്റെ ഒരു ഭാഗമാണ് തകര്‍ന്നെന്നും അധികൃതര്‍ പറഞ്ഞു.