കോഴിക്കോടും കൊല്ലത്തും തിരുവനന്തപുരത്തും വനിതാ മേയര്‍മാര്‍; നറുക്കെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം > സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണ നറുക്കെടുപ്പും പൂര്‍ത്തിയായി. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ അടുത്ത തവണ വനിതാ മേയര്‍മാരായിരിക്കും. കൊച്ചിയിലും തൃശൂരും കണ്ണൂരും മേയര്‍ പദവി ജനറലായി മാറി.
ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലാ പഞ്ചായത്തുകളില്‍ വനിതകളാണ് അധ്യക്ഷപദവിയിലെത്തുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പട്ടികജാതി സംവരണമാണ്. സംസ്ഥാനത്തെ 87 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 44 എണ്ണം വനിതാ സംവരണമാകും. ആറെണ്ണം പട്ടികജാതി വിഭാഗത്തിനും ( അതില്‍ മൂന്നെണ്ണം പട്ടികജാതി വിഭാഗം സ്ത്രീകള്‍ക്ക്), ഒരെണ്ണം പട്ടികവര്‍ഗത്തിനും സംവരണം ചെയ്ത് ഉത്തരവിറക്കി.
941 ഗ്രാമപഞ്ചായത്തുകളില്‍ 417 എണ്ണം സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടികജാതി വിഭാഗത്തിനും 8 എണ്ണം പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ക്കും 8 എണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു .
152 ബ്ലോക്ക്പഞ്ചായത്തുകളില്‍ 67എണ്ണം സ്ത്രീകള്‍ക്കും 8 എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും 7 എണ്ണം പട്ടികജാതി വിഭാഗത്തിനും 2 എണ്ണം പട്ടികവര്‍ഗ്ഗ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമായി അധ്യക്ഷ പദവി സംവരണം ചെയ്തിരിക്കുന്നു.