സിപിഎമ്മിന്റെ ജീർണതയുടെ ആഴം തെളിയിക്കുന്നതാണ് റെയിഡ്, കോടിയേരി സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുതെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയിഡ് നടത്തിയതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ ജീർണതയുടെ ആഴം തെളിയിക്കുന്നതാണ് റെയിഡെന്ന് അദ്ദേഹം പ്രതികരിച്ചു.പ്രതിസ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി അള്ളിപ്പിടിച്ചിരിക്കരുതെന്നും, രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ആദർശം പ്രസംഗിച്ച് അധോലോക പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിനീഷിന്റെ ലഹരിമരുന്ന് കേസിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നുവെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.