സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ പെന്ഷന് നഗരം എന്ന പദവിയിലേക്ക് നീലേശ്വരം നഗരസഭ
നീലേശ്വരം:നീലേശ്വരം നഗരസഭ സമ്പൂര്‍ണ്ണ പെന്ഷന് നഗരമായി മാറി . 2015 ല്‍ ചുമതലയേറ്റ ഇപ്പോഴത്തെ കൗണ്‍സില്‍ ആദ്യത്തെ ബജറ്റ് സമ്മേളനത്തില്‍ ഈ കൗണ്‍സിലിന്റെ കാലയളവില്‍ നീലേശ്വരത്തെ സമ്പൂര്‍ണ്ണ പെന്ഷന് നഗരമായി മാറ്റുമെന്ന് പ്രഖ്യാപിച്ചത് നഗരസഭ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു . 2015ല്‍ വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകളിലായി 3900 ഗുണഭോക്താക്കളാണ് പെന്ഷന് വാങ്ങിയിരുന്നുവെങ്കില് അത് 6709 പെന്ഷന് ഗുണഭോക്താക്കളായി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ കൗണ്‍സില്‍ അധികാരമൊഴിയുന്നത് .
നഗരസഭാ ഓഫീസില്‍ ലഭിക്കുന്ന പെന്ഷന് അപേക്ഷകളിന്മേല് സമയബന്ധിതമായി ഉദ്യോഗസ്ഥന്മാര് അന്വേഷണം നടത്തുകയും , അതിന്റെ തുടര്‍ അവലോകനം ക്ഷേമകാര്യ സ്ഥിരം സമിതി കാര്യക്ഷമതയോടെ നിര്‍വ്വഹിക്കുകയും ചെയ്തതുകൊണ്ടാണ് സംസ്ഥാനത്തെ ആദ്യത്തെ പെന്ഷന് നഗരം എന്ന പദവി നീലേശ്വരത്തിന് ലഭിച്ചത് എന്ന് നഗരസഭാ ചെയര്മാന് കെ.പി. ജയരാജന് അഭിപ്രായപ്പെട്ടു . ഇതോടൊപ്പം ബാങ്കുകള്‍ വഴി നടത്തുന്ന പെന്ഷന് വിതരണം കൃത്യമായി നിര്‍വ്വഹിക്കുന്നതിന് എല്ലാ കൗണ്‍സിലര്‍മാരും എപ്പോഴും മുന്‍കൈയ്യെടുത്തിരുന്നു എന്നത് നീലേശ്വരത്തെ പെന്ഷന് വിതരണ സംവിധാനത്തിലെ പ്രത്യേകതയാണ് . നഗരസഭയുടെ എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും പെന്ഷന് അപേക്ഷകള്‍ അംഗീകരിക്കുന്നതിനും , അപേക്ഷകളിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിനും ഓരോ വാര്‍ഡ് കൗണ്‍സിലറും മുന്‍കൈ എടുത്തതും ഈയൊരു നേട്ടത്തിന് കാരണമായി .
നീലേശ്വരത്തെ സമ്പൂര്‍ണ്ണ പെന്ഷന് നഗരമായി മാറാന്‍ ആത്മാര്‍ത്ഥതയോടെ സഹായിച്ച റവന്യൂ വിഭാഗത്തിലെയും ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരെയും , അങ്കണവാടി വര്‍ക്കര്‍മാരെയും , പെന്ഷന് വിതരണം സ്തുത്യര്‍ഹമായി നിര്‍വ്വഹിച്ച വിവിധ ബാങ്ക് അധികൃതരെയും , നഗരസഭാ ചെയര്മാന് കെ.പി. ജയരാജനും , ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി . രാധയും അഭിനന്ദിച്ചു.