കാസര്‍കോട്:വര്‍ഗ്ഗീയം വേണ്ട വികസനംമതി എന്ന സന്ദേശം ഉയര്‍ത്തിയാണ് വ്യാപാരി കൂടിയായ അബ്ദുറഹ്മാന് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നത്. കാസര്‍കോട് തിരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി വര്‍ഗ്ഗീയത ഇളക്കിവിട്ട് വികസനമുരടിപ്പിലേക്ക് തള്ളിവിടുന്ന സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടിയാണ് തന്റെ നാമനിര്‍ദ്ദേശ പത്രികസമര്പ്പണമെന്ന് അബ്ദുറഹ്മാന് കൈതോട് ബിഎന്സിയോട് വ്യക്തമാക്കി.
പിന്നോക്ക ദുര്‍ബല വിഭാഗങ്ങള്‍ക്കു വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന അബ്ദുറഹ്മാന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് 37 ക്ലബ്ബുകളുടെയും പിന്തുണയുമുണ്ട്. താന്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ മൂന്ന് ഓഫിസുകള്‍ തുറക്കുമെന്നും എല്ലാ മാസവും രണ്ടിടങ്ങളിലായി ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുമെന്നും ഇതിലൂടെ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പ്രയാസങ്ങള്‍ നേരിട്ട് മനസ്സിലാക്കി പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങുമെന്നും ഇദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കല്ല്യാണ പ്രായമെത്തിയിട്ടും സാങ്കേതികകുരുക്കില് പെട്ട് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാത്ത പെണ്‍കുട്ടികള്‍ക്ക് മൂന്നുപവന്‍ സ്വര്‍ണാഭരണവും 25000 രൂപയും തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍ മുഖേനെയും ജീവകാരുണ്യപ്രവര്‍ത്തകര്‍ മുഖേനെയും സംഘടിപ്പിച്ചു നല്‍കും.ഇത് ഒരുമാസം പരമാവധി 5 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തിലും തുടര്‍ന്നുള്ള മാസങ്ങളില്‍ മണ്ഡലത്തിലെ മുഴുവന്‍ ക്ലബ്ബുകളെ ഏകോകിപ്പിച്ച് പത്തുപേരിലേക്കും എത്തിക്കും.
ഗ്രാമങ്ങളിലെ റോഡ് തോട് തുടങ്ങിയ സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ അതാത് പ്രദേശത്തെ യുവാക്കളെ സംഘടിപ്പിച്ച് തൊഴില്‍ നൈപുണ്യം നല്കി കമ്മിറ്റിയുണ്ടാക്കി കരാര്‍ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടാക്കും. ഇതിലൂടെ കൈയിട്ടുവാരലും കൈക്കൂലികളും അവസാനിപ്പിക്കാന്‍ സാധിക്കും. വലിയ പദ്ധതികള്‍ മണ്ഡലത്തിലുടെ കടന്നു വരുമ്പോള്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് സൂക്ഷ്മ നിരീക്ഷണത്തിലാക്കും. ഇതിലൂടെ വലിയ കൊള്ളകളും അവസാനിപ്പിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും കൂടുതല്‍ സാമ്പത്തിക സഹായങ്ങളും വികസന പ്രവര്‍ത്തികളും കൊണ്ടുവരും.പൊതുപിന്തുണയോടെ വിദ്യാലയങ്ങളില്‍ സ്വിമ്മിംഗ് പൂള് അടക്കമുള്ള ആധുനികവല്‍ക്കരണം നടപ്പിലാക്കും വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്ന അനധികൃത വിദ്യാലയങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമം ആരംഭിക്കും.നാളിതുവരെ രാഷ്ട്രീയക്കാര്‍ പ്രകടന പത്രികയില്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കത്തതിനെതിരെ കോടതിയെ സമീപിക്കും. കന്നട സ്വാധീന മേഖലയിലെ വിദ്യാലയങ്ങളില്‍ കന്നട മീഡിയം കൂടുതല്‍ അനുവദിക്കാനുള്ള ശ്രമം ആരംഭിക്കും. വര്‍ഗ്ഗീയത ഇളക്കിവിട്ട് ജനമനസ്സുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ മുഖം നേക്കാതെ കല്ത്തുറഖില് അടക്കാനുള്ള നിയമനടപടികള്‍ ആരംഭിക്കും. ഇതൊന്നും നിങ്ങള്‍ കണ്ടുമടുത്ത വാഗ്ദാനങ്ങളല്ലെന്നും നടപ്പിലാക്കുമെന്ന് ഉറപ്പുള്ള വിഷയങ്ങളാണ്. ഇത് നടപ്പിലായി വരാന്‍ തനിക്ക് വോട്ടു നല്കി വിജയിപ്പിക്കണമെന്നും അബ്ദുറഹ്മാന് കൈതോട് അഭ്യര്‍ത്ഥിച്ചു.