മത്സ്യക്കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു
അമ്പലത്തറ: മത്സ്യം വളര്‍ത്തുന്ന വലിയ ആഴമുള്ള കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു.
പാണത്തൂര്‍ ചെത്തുക യത്തെ ഭാസ്കരന്റെ മകന് റിബിനെയാണ് 32, ഇന്ന് രാവിലെ അമ്പലത്തറ ബിദിയാലിലെ ഫാമിനകത്തുള്ള മത്സ്യവളര്‍ത്തു കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫാമുടമ കാഞ്ഞങ്ങാട് ദേവന്റോഡിലെ സി. കുഞ്ഞിരാമന് രാവിലെയെത്തിയപ്പോഴാണ് റിബിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പോലീസിനെയും അഗ്നി ശമന സേനയേയും വിവരമറിയിച്ചു. അഗ്നിശമന സേനയെത്തിയാണ് ആറ് മീറ്റര്‍ വെള്ളമുള്ള കുളത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. അമ്പലത്തറ എസ് ഐ രാജീവന് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ കോട്ടച്ചേരി കല്ലറയ്ക്കല്‍ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്ന റിബിന് ജ്വല്ലറി പൂട്ടിയതിനെത്തുടര്‍ന്ന് രണ്ടര വര്‍ഷം മുമ്പ് ഫാമില്‍ ജോലിക്കെത്തുകയായിരുന്നു.
ഫാമിലുണ്ടായിരുന്ന കുഞ്ഞിക്കണ്ണനെ ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിച്ചതിനുശേഷം ഫാമിലേക്ക് മടങ്ങിയതായിരുന്നു റിബിന്. പകല്‍ സമയങ്ങളില്‍ മറ്റ് ജോലിക്കാരുണ്ടെങ്കിലും രാത്രി റിബിന് തനിച്ചാണ് ഫാമില്‍ താമസം. മത്സ്യത്തിന് തീറ്റ കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ വീണതാകാമെന്നാണ് സംശയം.
കുളത്തിന് 30 മീറ്റര്‍ വീതിയുണ്ട്. പശു, മത്സ്യം എന്നിവ കൃഷി ചെയ്യുന്ന ഫാമാണ് ബിദിയാലിലേത്. റിബിന് അവിവാഹിതനാണ്.