കോവിഡ് ബാധിച്ച് ആറങ്ങാടി സ്വദേശി ചികില്‍സ കിട്ടാതെ മരിച്ചു
കാഞ്ഞങ്ങാട് : കോവിഡ് ബാധിച്ച ആറങ്ങാടി സ്വദേശി , കോവിഡ് ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭിക്കാതെ മരിച്ചു. ആറങ്ങാടി അരയിക്കടവ് റോഡിലെ കെ.കെ. അബൂബക്കര്‍ ആണ് 65, ഇന്നലെ പുലര്‍ച്ചെ ജില്ലാശുപത്രിയില്‍ മരണപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 4.30 മണിയോടെയാണ് അര്‍ബുദ രോഗിയായ അബൂബക്കറിനെ , കോവിഡ് ,സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയിലെത്തിയ ശേഷം അബോധാവസ്ഥയിലായ അബൂബക്കറിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും, ശ്വാസമെടുക്കാനാവാതെ വന്നതോടെ സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് അബൂബക്കറിന് വെന്റിലേറ്റര്‍ സൗകര്യമൊരുക്കാന്‍ ഡ്യൂട്ടിനേഴ്സിനോട് അഭ്യര്‍ത്ഥിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ വെന്റിലേറ്ററൊരുക്കാന് പറ്റില്ലെന്ന് നഴ്സുമാര്‍ അറിയിച്ചു. വെന്റിലേറ്റര്‍ നിഷേധിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി.
ഇന്നലെ ഉച്ചയോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം ആറങ്ങാടി ജമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ അടക്കം ചെയ്തു മൂന്ന് പെണ്മക്കളുണ്ട്.