പാലാ:ചരിത്രത്തിലാദ്യമായി പാലാ ചുവക്കുമ്പോള്‍ തിരിച്ചടി നേരിട്ടത് 54 വര്‍ഷം മണ്ഡലം കയ്യില്‍വച്ച കേരള കോണ്‍ഗ്രസിന് മാത്രമല്ല. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി ക്രമത്തില്‍ വോട്ട് വര്‍ദ്ധിപ്പിച്ചിരുന്ന ബിജെപിക്ക് കൂടിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെയും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ എണ്ണായിരത്തോളം വോട്ടിന്റെയും ഇടിവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ട് നേടിയ എന്‍ഡിഎയ്ക്ക് ഇക്കുറി 14 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍ ഹരിക്ക് 24,821 വോട്ട് ലഭിച്ചിരുന്നു. അതേ സ്ഥാനാര്‍ഥിയെ തന്നെ ഇക്കുറി കളത്തിലിറക്കിയപ്പോള്‍ 18,044 വോട്ടുകള്‍ മാത്രമാണു നേടാന്‍ കഴിഞ്ഞത്. ശബരിമലയിലെ സുപ്രീം കോടതി വിധി പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്ന ധാരണയായിരുന്നു ഇത്തവണയും ബിജെപി നേതാക്കള്‍ക്ക്. എന്നാല്‍ ഇതുകൊണ്ടൊന്നും വോട്ട് കൂടിയില്ലെന്നു മാത്രമല്ല, ഏഴായിരത്തോളം വോട്ട് കുറയുകയും ചെയ്തു.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസിന് 26,533 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി ഇതിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല എന്നുള്ളത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടലിലാക്കിയിരിക്കുകയാണ്. വോട്ട് ചോര്‍ച്ച സംബന്ധിച്ച് പഠിക്കുമെന്നു ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍ ഹരി പറയുമ്പോഴും വലിയ പൊട്ടിത്തെറിയാണു പാര്‍ട്ടിക്കുള്ളില്‍ പ്രതീക്ഷിക്കുന്നത്.
പണം വാങ്ങി എന്‍ ഹരി വോട്ട് യുഡിഎഫിനു മറിച്ചുവെന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ബിനു പുളിക്കക്കണ്ടം വോട്ടെടുപ്പിനു മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ 5000 വോട്ട് യുഡിഎഫിനു നല്കാന് ഹരി ധാരണയുണ്ടാക്കിയെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്നു ബിനുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ ബിജെപിക്കുള്ളില്‍ കലഹം രൂപപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മണ്ഡലത്തില്‍നിന്നു തന്നെയുള്ളയാളെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരുന്നത്. ഇതു സംബന്ധിച്ച് നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും ഹരിയെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.