‘ഞാൻ പള്ളിക്കൂടത്തിൽ പോയി പഠിച്ചതാ, എം എം ഹസ്സന് കോപ്പിയടിച്ച പാരമ്പര്യമാണ്,യു ഡി എഫിലേക്ക് പോകില്ല, തുറന്നടിച്ച് പി.സി ജോര്‍ജ്
തിരുവനന്തപുരം: യു.ഡി.എഫിലേക്കില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ്ജ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷം ഒറ്റയ്ക്ക് മത്സരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
അവര്‍ വിളിച്ചാലും യു.ഡി.എഫിലേക്ക് പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇനി അവര്‍ തന്നെ എടുക്കേണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘ഞാന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി അവര്‍ ഞങ്ങളെ എടുക്കേണ്ട. അവരുമായി ഒരു ബന്ധവും ഇനിയുണ്ടാവില്ല. അല്ലെങ്കിലും ആറ് കഷണമായി നില്ക്കുന്നവര് എവിടെ പോയി നില്‍ക്കാനാണ്. അവിടെ പോയാലും അവര്‍ കാലുവാരും. കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നാല്‍ ആരെങ്കിലും രക്ഷപ്പെടുമോ?’, പി.സി ജോര്‍ജ് ചോദിച്ചു.
വിഭാഗീയത കടുത്ത തോതിലുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചെന്നിത്തല മുഖ്യമന്ത്രിയാകുന്നത് തടയാന്‍ തലപുകയ്ക്കുന്ന നേതാക്കന്മാരുള്ള പാര്‍ട്ടിയാണ്. തന്നെ എടുത്താലും കാലുവാരി തോല്‍പ്പിക്കുമെന്ന് അറിയാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനെതിരെയെും പി.സി ജോര്‍ജ് രംഗത്തെത്തി. ജനപക്ഷത്തിന് ഹസ്സന്റെ ഔദാര്യം വേണ്ട. ഒരു മുന്നണിയുടേയും പിറകെ അപേക്ഷയുമായി പോയിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ‘ഞാന്‍ ആരോടെങ്കിലും എടുക്കാമോ എന്ന് ചോദിച്ചാലല്ലേ എം.എം. ഹസന് മറുപടി പറയേണ്ടതുള്ളൂ. എന്നെ എടുക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് പറഞ്ഞത് അയാളുടെ വിവരക്കേടാണ്.
ഞാന്‍ പള്ളിക്കൂടത്തില്‍ പഠിച്ചുപാസായതാണ്, കോപ്പിയടിച്ച് ഡിബാര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ എം.എം ഹസ്സന്റേത് കോപ്പിയടിച്ച പാരമ്പര്യമാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
ഞാന്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. പൂഞ്ഞാറില്‍ മാത്രമായിരിക്കില്ല മിനിമം 60 സീറ്റുകളിലേക്ക് മത്സരിക്കാനുള്ള സാധ്യതയുണ്ട്.
പി.സി ജോര്‍ജിന്റെ യു.ഡി.എഫ് പ്രവേശനത്തിനുള്ള നീക്കത്തിന് പിന്നാലെ മുന്നണിവിപുലീകരണത്തിന് ആലോചനയില്ലെന്നായിരുന്നു എം.എം ഹസന്റെ പ്രതികരണം. എന്നാല്‍ ഇത് പറയാന്‍ ഹസന് എന്ത് അവകാശമാണെന്നും ഇതുവരേയും ഒരു മുന്നണിയുടേയും പിന്നാലെ പോയിട്ടില്ലെന്നും അപേക്ഷ കൊടുത്തിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടട്ടെയെന്നുമായിരുന്നു പിസി ജോര്‍ജ് നേരത്തെ പ്രതികരിച്ചത്.