സിബിഐ ആവശ്യം അംഗീകരിച്ചു പെരിയ ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു
ന്യൂഡൽഹി: പെരിയ ഇരട്ടക്കൊല കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. ദീപാവലിക്ക് ശേഷം കോടതി കേസ് പരിഗണിക്കും. സി ബി ഐയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് മാറ്റിവച്ചത്. അന്വേഷണത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കേസിന്റെ രേഖകൾ സർക്കാർ നൽകുന്നില്ലെന്നും സി ബി ഐ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഓഗസ്റ്റ് 25 ആണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട പെരിയ ഇരട്ട കൊലപാതകക്കേസ് ഹൈക്കോടതി സി ബി ഐക്ക് കൈമാറിയത്. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമർപ്പിച്ചത്. ഈ ഹർജിക്ക് ഉളള മറുപടിയിലാണ് സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണം സി ബി ഐ മുന്നോട്ട് വയ്ക്കുന്നത്.
സി ബി ഐ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. എന്നാൽ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് കഴിഞ്ഞുവെന്ന് സി ബി ഐ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കേസിന്റെ രേഖകൾ സർക്കാർ നൽകുന്നില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
34 പേരുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചതിനൊപ്പം സാക്ഷികളിൽ ചിലരുടെ മൊഴി രേഖപ്പെടുത്തിയതായും സി ബി ഐ കോടതിയെ അറിയിച്ചു. സി ബി ഐ അന്വേഷണം പുരോഗമിക്കുകയാണെങ്കിൽ വിഷയത്തിൽ ഇടപെടില്ലെന്നാണ് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.