വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കബനീദളത്തിലെ അംഗമെന്ന് പൊലീസ്
മാനന്തവാടി:: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ കൊല്ലപ്പെട്ടയാൾ മാവോയിസ്റ്റ് കബനീദളത്തിൽ ഉൾപ്പെട്ടയാളാണെന്ന നിഗമനത്തിലാണ് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വച്ചാണ് വെടിവെപ്പ് നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.
മൂന്നംഗ മാവോയിസ്റ്റ് സംഘവുമായാണ് തണ്ടർ ബോൾട്ട് സംഘം ഏറ്റുമുട്ടിയത്. ഇവരിൽ ഒരാൾ ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടു. ഇവിടെ നിന്നും രക്ഷപ്പെട്ട മറ്റു രണ്ട് പേർക്ക് വേണ്ടി തണ്ടർബോൾട്ട് സംഘം പരിസരപ്രദേശങ്ങളിൽ തെരച്ചിൽ നടത്തുകയാണ്. വെടിവെപ്പ് നടന്ന പടിഞ്ഞാറത്തറ – വെള്ളമുണ്ട മേഖലയിൽ സ്ഥിരമായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണ് ലോക്കൽ പൊലീസും നാട്ടുകാരും വ്യക്തമാക്കുന്നത്.
അതേസമയം ഏറ്റുമുട്ടൽ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതുവരേയും സംഭവസ്ഥലത്തേക്ക് പൊലീസ് ആരേയും കടത്തി വിട്ടിട്ടില്ല. നാട്ടുകാരേയും മാധ്യമപ്രവർത്തകരേയും പൊലീസ് തടഞ്ഞിരിക്കുകയാണ്. കാപ്പികുളത്ത് വച്ചാണ് പൊലീസ് മാധ്യമപ്രവർത്തകരെ തടഞ്ഞത്.