ഉദ്ഘാടനത്തിനുള്ള നിലവിളക്കിനായി കൗണ്‍സിലര്‍മാര്‍ തമ്മില്‍ പിടിവലി; നഗരസഭാധ്യക്ഷ ബോധരഹിതരായി ആശുപത്രിയില്‍
പത്തനംതിട്ട: പഞ്ചവടിപ്പാലം സിനിമയിലെ പഞ്ചായത്ത് അംഗങ്ങളുടെ തമ്മില്‍ തല്ല് ഓര്‍മയില്ലേ? ഏതാണ്ട് ഇതിനെ അനുസ്മരിക്കുന്ന തല്ലാണ് പത്തനംതിട്ടയില്‍ നടന്നത്. കുമ്പഴ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനൊടുവില്‍ നഗരസഭാ അധ്യക്ഷ ആശുപത്രിയിലുമായി.
നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായി സംഘടിപ്പിച്ച ചടങ്ങളില്‍ നിലവിളക്കിനായാണ് പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാര്‍ തമ്മില്‍ പിടിവലി നടന്നത്. ഉദ്ഘാടനത്തിനായി ഒരുക്കിയ നിലവിളക്ക് എതിര്‍പക്ഷം കൈക്കലാക്കുകയായിരുന്നു. പിന്നെ ചേരിതിരിഞ്ഞ് മല്‍പ്പിടിത്തമായി. സംഘര്‍ഷാന്തരീക്ഷത്തിനിടെ ബോധരഹിതയായ നഗരസഭാധ്യക്ഷ റോസ്ളിന്‍ സന്തോഷിനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം.
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുന്പേ ഉദ്ഘാടന മാമാങ്കം നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് ഇടത് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിന് തുടക്കമിട്ടത്. ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ താഴത്തെ നിലയിലൊരുക്കിയ ഉദ്ഘാടനവേദിക്ക് മുന്നില്‍ ഇടതുപ്രവര്‍ത്തകര്‍ ഉപരോധം തുടങ്ങി. കെട്ടിടംപണി പൂര്‍ത്തിയാകും മുന്‍പേ ഉദ്ഘാടനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവര്‍. വേദിയിലുണ്ടായിരുന്ന നിലവിളക്കും കൂട്ടത്തിലൊരാള്‍ കരസ്ഥമാക്കി. നിലവിളക്ക് തിരികെ കിട്ടാനായി പിന്നെ ബലാബലം. പൊലീസും ഇടപെട്ടു.
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വനിതാ കൗണ്‍സിലര്‍മാരുള്‍പ്പെടെ ചേരിതിരിഞ്ഞ് ഉന്തും തള്ളും ആരംഭിച്ചു. പ്രവര്‍ത്തകരില്‍ ചിലര്‍ കൈയാങ്കളിക്കും തുനിഞ്ഞു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഘര്‍ഷത്തിന് അയവുവന്നില്ല. ഉന്തിലും തള്ളിലും ഇരുഭാഗത്തെയും കൗണ്‍സിലര്‍മാരില്‍ ചിലര്‍ നിലംപതിച്ചു. ബഹളം ഉച്ചസ്ഥായിയിലായതോടെ നഗരസഭാധ്യക്ഷയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഭരണപക്ഷത്തെ വനിതാ കൗണ്‍സിലര്‍മാര്‍ നഗരസഭാധ്യക്ഷയെ കൈകളിലേറ്റി കെട്ടിടത്തിന് പുറത്തെത്തിച്ചു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിലാണ് ചെയര്‍പേഴ്സണെ എത്തിച്ചത്.
കുമ്പഴയിലെ ആരോഗ്യകേന്ദ്രം നിലവില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തില്‍ ദേശീയ നഗര ആരോഗ്യദൗത്യത്തിന്റെ ഭാഗമായുള്ള പുതിയ ഇരുനിലക്കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയതെന്ന് വാര്‍ഡ് കൗണ്‍സിലറും കോണ്ഗ്രസംഗവുമായ കെ.ആര്.അരവിന്ദാക്ഷന് നായര്‍ പറഞ്ഞു. നഗരസഭാധ്യക്ഷയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രിയിലെത്തി കണ്ടു.