ഖത്തറില്‍ കണ്ണൂർ സ്വദേശികൾക്ക് വധശിക്ഷ; കേസിൽ വ്യക്തതയില്ലാതെ കുടുംബം
കണ്ണൂർ: യമൻ സ്വദേശിയുടെ വധവുമായി ബന്ധപ്പെട്ട് കണ്ണൂർക്കാരായ നാല് യുവാക്കൾക്ക് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ച സംഭവത്തിൽ വ്യക്തതയില്ലാതെ കുടുംബം. ഖത്തറില്‍ സ്വര്‍ണവും പണവും കവര്‍ച്ച നടത്താനായി സ്വര്‍ണവ്യാപാരിയായ യമന്‍ സ്വദേശി സലാഹുല്‍ കാസിമിനെ വധിച്ച കേസില്‍ കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ നാല് യുവാക്കൾക്കാണ് ബുധനാഴ്ച വധശിക്ഷ വിധിച്ചത്. കെ. അഷ്ഫീര് (30), അനീസ് (33), റാഷിദ് കുനിയില്‍ (33), ടി. ശമ്മാസ് (28) എന്നിവരാണ് ഒന്നു മുതൽ നാലുവരെ പ്രതികൾ.
ഇതിൽ അഷ്ഫീർ ഒഴികെ ബാക്കിയുള്ളവരെല്ലാം നാട്ടിലേക്ക് കടന്ന് ഒളിവിലാണ്. അഷ്ഫീറിെൻറ സഹോദരൻ ജഹസീറും ഇതേ കേസിൽ തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിലാണ്. എന്നാൽ, കേസിനെയോ വിധിയെയോ സംബന്ധിച്ച് ഒരു വിവരവും അഷ്ഫീറിെൻറ കുടുംബത്തിന് ലഭിച്ചിട്ടില്ല. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ അഷ്ഫീറും സഹോദരനും അന്നുതൊേട്ട ജയിലിലാണ്. ഇവരെ കൂടാതെ മട്ടന്നൂർ പാലോട്ടുപള്ളിയിലെ മറ്റ് രണ്ടുപേരായ ഉസ്മാൻ, ഫായിസ് എന്നിവർക്കും കേസിൽ തടവുശിക്ഷ ലഭിച്ചു എന്നാണ് പുറത്തുവരുന്ന വാർത്ത. എന്നാൽ, ഇതുസംബന്ധിച്ചുള്ള ഒരു അറിയിപ്പോ വ്യക്തതയോ ഇവരുടെ കുടുംബാംഗങ്ങളിൽ ആർക്കും ലഭിച്ചിട്ടില്ല. അഷ്ഫീർ കൊല്ലപ്പെട്ട യമൻ പൗരെൻറ ജീവനക്കാരനായിരുന്നു. സഹോദരൻ മറ്റൊരു കമ്പനിയിലെ ഡ്രൈവറായിരുന്നു.
നിരപരാധിയാണെന്നു കാണിച്ച് അഷ്ഫീറിെൻറയും സഹോദരെൻറയും മോചനത്തിനായി പിതാവ് അഷ്റഫ് ദേശീയ മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി, നോർക്ക, കണ്ണൂർ ജില്ല പൊലീസ് ചീഫ് എന്നിവർക്ക് നിവേദനമടക്കം നൽകിയിരുന്നു. എന്നാൽ, ഇതിനൊന്നും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിെൻറ വിചാരണ കാലഘട്ടത്തിലോ ഇപ്പോഴുള്ള വിധിയെ സംബന്ധിച്ചോ മക്കളുടെ അവസ്ഥ സംബന്ധിച്ച ഒരു ഒൗദ്യോഗികമായ അറിയിപ്പോ വിവരങ്ങളോ ഒന്നരവർഷമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരായ 27 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കുറ്റക്കാരെല്ലന്ന് കണ്ടവരെ വെറുതെ വിടുകയും ബാക്കിയുള്ളവര്‍ക്ക് അഞ്ചുവര്‍ഷം, രണ്ടുവര്‍ഷം അടക്കം തടവുശിക്ഷ വിധിച്ചു എന്നുമാണ് വിവരം. മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുര്‍റയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. ദോഹയില്‍ വിവിധ ജ്വല്ലറികള്‍ നടത്തിയിരുന്നയാളായിരുന്നു യമന്‍ സ്വദേശി.