കോട്ടപ്പാറയിൽ ഗെയിൽ ജംഗ്ഷൻ റെഡി,
കാഞ്ഞങ്ങാട് നഗരത്തിൽ ഇനി പൈപ്പ് ലൈൻ വഴി പാചകവാതകം
കാഞ്ഞങ്ങാട് :ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി കമീഷൻ ചെയ്യുമ്പോൾ കാഞ്ഞങ്ങാട് നഗരത്തിലും പൈപ്പ് ലൈൻ വഴി പാചകവാതകം വീടുകളിൽ ലഭിക്കും.അമ്പലത്തറ കോട്ടപ്പാറയിലെ ഗെയിൽ പദ്ധതി ജങ്ഷനിൽനിന്ന് സിറ്റി ഗ്യാസ് പദ്ധതിയുടെ ലൈൻ വലിക്കുന്ന പ്രവൃത്തി ഒരാഴ്ചക്കുള്ളിൽ തുടങ്ങും.
കോട്ടപ്പാറയിൽ നിന്നും കാഞ്ഞങ്ങാട് നഗരസഭ പരിധിയിലേക്ക് പത്തൊമ്പത് കിലോമീറ്റർ ദൂരത്തിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടത്.ഇതിന്റെ കരാർ മാസ് കൺസ്ട്രക്ഷനിൽ നിന്ന് സബ് കരാറായി ഡിഎൻകമ്പനി ഏറ്റെടുത്തു. അറുപത് ദിവസത്തിനകം പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കണം. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഇവിടെ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. അമ്പലത്തറ പോലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെ റോഡരികിലായിഅമ്പത് സെന്റ് ഭൂമിയിൽ സിറ്റി ഗ്യാസ് സ്റ്റേഷന്റെ നിർമാണം പൂർത്തിയായി. ഗാർഹിക ഉപയോഗത്തിന് ഉൾപ്പെടെ പാചകവാതകം നൽകുന്നത് ഇവിടെ നിന്നായിരിക്കും.
ഗെയിലിന്റെ കൊച്ചിമുതൽ മംഗളൂരുവരെ 444 കിലോമീറ്റർ പൈപ്പ് ലൈൻ പാകുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ചന്ദ്രഗിരി പുഴയിൽ 300 മീറ്റർ പൈപ്പ് ലൈൻ ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. ഇത് ഈ മാസം പൂർത്തിയാകും.ഡിസംബറിൽ ഗെയിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൈപ്പ് ലൈൻ പാകാൻ കേരളത്തിൽ ഭൂമി ലഭിക്കില്ല എന്ന് പറഞ്ഞു 2014ൽ യുഡിഎഫ് സർക്കാർ പുർണമായും ഉപേക്ഷിച്ചതാണ് ഗെയിൽ പദ്ധതി. പിണറായി വിജയൻ സർക്കാരാണ് വീണ്ടും തുടക്കമിട്ടത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊച്ചിയിൽ നിന്ന് കാസർകോട് വരെ ഭൂമി എടുത്തു നൽകി.
എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ കാസർകോട് എന്നീ ജില്ലകളിലൂടെയാണ് പൈപ്പ്ലൈൻ കടന്നു പോകുന്നത്.