കമറുദ്ദീന് ഒറ്റയ്ക്ക് അനുഭവിക്കട്ടെ; നിക്ഷേപ തട്ടിപ്പില്‍ എം എല്‍ എയെ മുസ്ലീംലീഗ് കൈവിട്ടു
കാസര്‍കോട്: ജൂവലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന് എം എല്‍ എയെ കൈവിട്ട് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം. കേസുമായി ബന്ധപ്പെട്ട മദ്ധ്യസ്ഥ ശ്രമങ്ങള്‍ ലീഗ് ഉപേക്ഷിച്ചു. കമറുദ്ദീന് ഒറ്റയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടേയെന്നാണ് നിലവില്‍ പാര്‍ട്ടി നിലപാട്. മുസ്ലീം ലീഗ് നിയോഗിച്ച മദ്ധ്യസ്ഥന്‍ കല്ലട്ര മാഹിൻ ഹാജി സംസ്ഥാന നേതൃത്വത്തിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്കി. പ്രത്യേക അന്വേഷണ സംഘം ജൂവലറിയുടെ ആസ്തികള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങിയതിനാല്‍ നിക്ഷേപകര്‍ക്ക് ആസ്തി വിറ്റ് പണം നല്‍കാനാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.കമറുദ്ദീന് ചെയര്‍മാനായ ഫാഷന്‍ഗോള്‍ഡ് ജൂവറിയുടെ ആസ്തികളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും വിറ്റെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പതിനൊന്ന് വാഹനങ്ങളില്‍ ഒമ്പത് വാഹനങ്ങളും വിറ്റെന്നാണ് കണ്ടെത്തല്‍. വാഹനങ്ങളെല്ലാം കണ്ടെുകെട്ടാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി.നിക്ഷേപമായി വാങ്ങിയ പത്ത് കോടി നല്കി എം സി കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളൂരുവില്‍ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂമിയുടെ വിവരങ്ങള്‍ കമ്പനി രജിസ്റ്ററിലില്ല. ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടര്‍ക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഭൂമി എടുക്കാനും വില്‍ക്കാനും സഹായിച്ചവരെ ഉടൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.