രാഹുല്‍ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നു മത്സരിച്ചു ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത നായര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സരിതയുടെ അഭിഭാഷകര്‍ നിരന്തരം ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. തിങ്കളാഴ്ചയും സരിതയുടെ അഭിഭാഷകന് കോടതിയില്‍ ഹാജരായിരുന്നില്ല. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തന്റെ നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹര്‍ജി. വയനാട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്കിയ നാമനിര്‍ദേശ പത്രിക തളളിയിരുന്നു. സോളാര്‍ കേസില്‍ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തളളിയത്.
4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ വിജയിച്ചത്.