ലൈഫ് മിഷന് കേസിലും ശിവശങ്കര്‍ പ്രതിപ്പട്ടികയില്‍; സ്വപ്നയെ ചോദ്യം ചെയ്യാൻ വിജിലൻസ്
ജയിലിലെത്തി
തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെയും പ്രതിചേര്‍ത്തു. അഞ്ചാംപ്രതിയാണ് ശിവശങ്കര്‍.
ലൈഫ്മിഷന് കേസില്‍ ശിവശങ്കറിന് ഇതിലുള്ള പങ്ക് വിജിലന്‍സ് ചോദിച്ചറിയും.
സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പ്രതിപ്പട്ടികയിലുണ്ട്. യൂണിടാകിനും സെയ്ന് വെഞ്ച്വേഴ്സിനും പുറമെയാണ് ശിവശങ്കറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്.
സ്വപ്നയെ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് ജയിലിലെത്തി. ആദ്യമായാണ് വിജിലന്‍സ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.
നേരത്തെ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് സ്വപ്ന സുരേഷിന് നല്കിയ അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് ശിവശങ്കറാണെന്ന് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.
ചോദ്യം ചെയ്യലിനിടെ ശിവശങ്കര്‍ ഇ.ഡിക്ക് തന്റെ രണ്ട് ഫോണുകള്‍ കൈമാറിയിരുന്നു. ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഇതില്‍ ഒരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറും സന്തോഷ് ഈപ്പന് നല്കിയ ഫോണിന്റെ ഐ.എം.ഇ നമ്പറും ഒന്നാണെന്ന് കണ്ടെത്തിയത്. 94,999 രൂപയാണ് ഫോണിന്റെ വില.
ലൈഫ് മിഷന് കരാറിനായി നാല് കോടി 48 ലക്ഷം രൂപ കമ്മീഷനായി നല്‍കിയെന്ന് സന്തോഷ് ഈപ്പന് പറഞ്ഞിരുന്നു. ഇത് കൂടാതെ ആറ് ഐഫോണുകളും വാങ്ങി നല്‍കിയെന്നും സന്തോഷ് ഈപ്പന് പറഞ്ഞിരുന്നു.
യു.എ.ഇ കോണ്‍സുലേറ്റിനായാണ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയതെന്ന് സന്തോഷ് ഈപ്പന് പറഞ്ഞിരുന്നു. ഇതില്‍ ഒരു ഫോണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന് തുടക്കത്തില്‍ പറഞ്ഞത്.
എന്നാല്‍ സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു വക്കീല്‍ നോട്ടീസ്. ഇതിന് പിന്നാലെ ഫോണ്‍ ചെന്നിത്തലയ്ക്ക് നല്‍കിയോ എന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ് സന്തോഷ് ഈപ്പന് രംഗത്തെത്തിയിരുന്നു.