ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; മുസ്ലീം ലീഗിന് നേരയെും ചോദ്യങ്ങളുയരുന്നു
വാർത്തയുമായി സിപിഎം മുഖപത്രം.
കോഴിക്കോട് :ജമാഅത്തെ ഇസ്ലാമി നിയന്ത്രിത സ്ഥാപനങ്ങളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ് നടത്തിയതോടെ മുസ്ലിംലീഗ് വേവലാതിയില്‍. ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ടിയുമായുള്ള സഖ്യത്തില്‍നിന്ന് പിന്മാറണമെന്ന ആവശ്യം ഇതോടെ ലീഗിനുള്ളില്‍ ശക്തമായി. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളെന്നുള്ള തങ്ങളുടെ നിലപാടിന് സ്ഥിരീകരണമാണ് റെയ്ഡെന്ന് വിവിധ സുന്നി-മുജാഹിദ് സംഘടനകളും വാദിക്കുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹിയിലെ ജമാഅത്ത് നിയന്ത്രിത ഓഫീസുകളില്‍ എന്‍ഐഎയുടെ തിരച്ചില്‍. പ്രധാനമായും ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് ഓഫീസിലായിരുന്നു പരിശോധന. രേഖകള്‍ക്കൊപ്പം ചില പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തു. റെയ്ഡിനെ തുടര്‍ന്ന് തങ്ങള്‍ക്ക് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനുമായി ബന്ധമില്ലെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജമാഅത്തെയുടെ ജനറല്‍ സെക്രട്ടറി ടി ആരീഫലിയാണ് ഫൗണ്ടേഷന്റെയും ജനറല്‍ സെക്രട്ടറിഎന്നത് ശ്രദ്ധേയം. ജമാഅത്തിനെ കൂടാതെ തീവ്രവാദസംഘടന എസ്ഡിപിഐയും റെയ്ഡിനെ എതിര്‍ത്തിട്ടുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ടിയുമായി ഒന്നിച്ച് മത്സരിക്കുന്ന ലീഗിനെയും കോണ്‍ഗ്രസിനെയും കുരുക്കിലാക്കുന്നതാണ് ഡല്‍ഹിയിലെ റെയ്ഡ്. തുടക്കത്തിലേ ജമാഅത്തെ ബന്ധത്തില്‍ അതൃപ്തിയുള്ള ലീഗ് പ്രവര്‍ത്തകരില്‍ റെയ്ഡ് കൂടുതല്‍ അസ്വസ്ഥതയുണര്ത്തുന്നുണ്ട്.