അച്ഛനെതിരെ അമ്മ മൊഴികൊടുക്കരുത് രഹസ്യമൊഴിക്ക് മൂന്ന് ദിവസം മുമ്പ് മഞ്ജുവിനെ മകള്‍ മീനാക്ഷി വിളിച്ച് നിര്‍ബന്ധിച്ചു പ്രോസിക്യൂഷൻ സത്യവാങ്മൂലം പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാരും പ്രോസിക്യൂഷനും. ഇരയുടെ മൊഴിപോലും വിചാരണക്കോടതി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. മകളെ ഉപയോഗിച്ച് പ്രതിയായ ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജു വാര്യുടെ മൊഴി കോടതി ഒഴിവാക്കിയെന്ന കടുത്ത ആരോപണവും വിചാരണക്കോടതിക്കെതിരെ സര്‍ക്കാര്‍ ഉന്നയിച്ചു.നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യര്‍ പി.ഡബ്ല്യു നമ്പര്‍- 34 (പ്രോസിക്യൂഷന് വിറ്റ്നസ്) ആണ്. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ആണ്. അടച്ചിട്ട കോടതി മുറിയില്‍ വളരെ രഹസ്യമായായിരുന്നു മൊഴി രേഖപ്പെടുത്തല്‍. ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന് നിരവധി കാര്യങ്ങള്‍ മഞ്ജു വാര്യരോട് ചോദിച്ചു. എന്നാണ് നിങ്ങളുടെ മകളുമായി നിങ്ങള്‍ അവസാനം സംസാരിച്ചത് എന്നായിരുന്നു അതില്‍ പ്രധാന ചോദ്യം. ഇതിന് മഞ്ജു നല്കിയ മറുപടി ഇങ്ങനെയായിരുന്നു- 24/02/2020ല്‍ (രഹസ്യ മൊഴി നല്‍കുന്നതിന് മുന്ന് ദിവസം മുമ്പ്) മകള്‍ തന്നെ വിളിച്ചിരുന്നു. എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സത്യം പറയാന്‍ താന്‍ ബാദ്ധ്യസ്ഥയാണെന്നും, എന്താണോ കോടതിയില്‍ പറയുക അത് സത്യം മാത്രമായിരിക്കുമെന്നുമാണ് മകളോട് തനിക്ക് പറയാനുണ്ടായിരുന്നതെന്ന് മഞ്ജു നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഈ സുപ്രധാന മൊഴിയാണ് വിചാരണക്കോടതി രേഖപ്പെടുത്താതെ ഒഴിവാക്കിയത്. ഹോട്ടല്‍ അബാദ് പ്ളാസയില്‍ വച്ച് നടി ഭാമയോട് തന്നെ വകവരുത്തുമെന്ന് ദിലീപ് പറഞ്ഞ വിവരം ആക്രമിക്കപ്പെട്ട നടി കോടതിയെ അറിയിച്ചു, അതും രേഖപ്പെടുത്താന്‍ കോടതി തയ്യാറാകാതെ ഇതെല്ലാം കേട്ടുകേള്‍വി മാത്രമാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എഴുതി നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണക്കോടതിയിലുള്ള പരിപൂർ ണമായ അവിശ്വാസമാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.