എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് തീരും ജാമ്യത്തിന് നീക്കവുമായി ബിനീഷ് കോടിയേരി
ഒന്നും കിട്ടാതെ ഇ ഡി
ബംഗളൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. ഉച്ചയ്ക്ക് വെെദ്യ പരിശോധന നടത്തിയ ശേഷം ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. ഇ.ഡിക്കൊപ്പം കേന്ദ്ര ഏജൻസിയായിട്ടുള്ള നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം ബിനീഷിനെ കാണാൻ അനുവദിക്കാത്ത ഇഡി നടപടി ബിനീഷിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഉന്നയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോർട്ട് ഇഡി കോടതിയിൽ നൽകും.
കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. ഇന്നലെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പത് മണിയോടെയാണ് ആശുപത്രി വിട്ടത്. താന്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണി വരെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങളൊന്നും ഇ.ഡിയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇഡിയുടെ നടപടികൾക്കെതിരെ കർണാടക ഹൈക്കോടതിയിലും ബിനീഷ് ഹർജി നൽകും. ബിനീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുളള അപേക്ഷയുമായി എൻസിബിയും കോടതിയെ സമീപിച്ചേക്കും.
അതേസമയം ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണം കേരളത്തിലും ഊര്‍ജ്ജിതമാക്കി. ഒരു നിര്‍മ്മാതാവ് അടക്കം നാല് പേരെ ചോദ്യംചെയ്യാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിനീഷ് നായകനായ ഒരു സിനിമയുടെ നിര്‍മ്മാണം കള്ളപ്പണം ഉപയോഗിച്ചാണോ എന്നാണ് പരിശോധിക്കുന്നത്. ഒപ്പം സിനിമാ രംഗത്ത് അനൂപ് മുഹമ്മദുമായും ബിനീഷ് കോടിയേരിയുമായും സാമ്പത്തിക ഇടപാട് നടത്തിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.