പ്രത്യേക കോടതിയിൽ അവിശ്വാസം, നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെച്ച് ഹൈക്കോടതി
കൊച്ചി: നടിയെ അക്രമിച്ച പ്രമാദമായ കേസില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവായി. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം. അതേ സമയം കേസ് ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല.
ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രംഗത്തു വന്നിരുന്നു. കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയെന്നതടക്കമുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.
നടിയുടേയും മഞ്ജുവാര്യര്‍ അടക്കമുള്ളവരുടേയും മൊഴികളിലെ ചില കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിലാണ് കോടതിക്ക് വീഴ്ച വീഴ്ച പറ്റിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്. മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയില്ല. നടിയെ വകവരുത്തും എന്ന മൊഴിയും രേഖപ്പെടുത്തിയില്ല. നടി പറഞ്ഞ മറ്റു ചില കാര്യങ്ങളും രേഖപ്പെടുത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ആക്രമണത്തിനിരയായ നടിയാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
സുതാര്യമായ വിചാരണ നിലവിലെ കോടതിയില്‍ സാധ്യമാകില്ല. അക്രമത്തിനിരയായ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നും പ്രതിഭാഗത്തിനാണ് നല്‍കുന്നതെന്നും നടി തന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
കേസിന്റെ വിചാരണയ്ക്കായി ഹൈക്കോടതിയാണ് പ്രത്യേക കോടതിയെ നിയോഗിച്ചിരുന്നത്. അടച്ചിട്ട കോടതിയിലായിരുന്നു വിചാരണ നടന്നിരുന്നത്.