മഞ്ചേശ്വരം: 54 വര്‍ഷം കണ്ണിലെ കൃഷ്ണ മണിപോലെ കാത്ത്സൂക്ഷിച്ചിരുന്ന പാലായിലെ ഇടതു വിജയം അപ്രതീക്ഷിതമല്ല. ഓരോ വട്ടവും കെ എം മാണിയെന്ന അധികായനെ വിറപ്പിച്ച് ഭൂരിപക്ഷം കുത്തനെ താഴ്ത്തിയ മാണി സി കാപ്പന് ഒടുവില്‍ ഭൂരിപക്ഷ കണക്കുകള്‍ തന്റെ പേരിലാക്കി മാറ്റി. ഇതിന് മനസ്സറിഞ്ഞ് സഹായിക്കാന്‍ കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയില്‍ മനം മടുത്ത പുതുവോട്ടര്‍മാരുടെ പിന്തുണ ഏറെയായിരുന്നു. ആര് വിജയിച്ചാലും തോറ്റാലും വോട്ട് വില്‍പ്പനയുടെ ചെണ്ടമുട്ടെത്തുന്നത് മാരാരുടെ ചെണ്ട പോലെ ബിജെപിയിലേക്കാണ്. പരസ്പരം വിറ്റും വാങ്ങിച്ചെന്ന ആരോപണമുയരുമ്പോള്‍ കേരളത്തില്‍ അടുത്ത കാലത്തൊന്നും ഒരു സീറ്റ് അധികമെന്ന മോഹം പൂവണിയാനുള്ള സാധ്യത വിരളമാണ്.
പാലായിലെ വിജയം ഏറ്റവും വലിയ പ്രഹരമായിരിക്കുന്നത് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. ഇളകാത്ത കോട്ടകള്‍ ഇളക്കിയ കഥകളും പിണറായി സര്‍ക്കാറിന്റെ വികസന നയവും എല്‍ ഡി എഫ് മുന്നോട്ടു വെക്കുമ്പോള്‍ യുഡിഎഫിന് പ്രത്യോകിച്ചൊരു മുദ്രാവാക്യമില്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 ല്‍ 4 മണ്ഡലങ്ങളില്‍ കൃത്യമായ രാഷ്ട്രീയവും വികസനവും അഴിമതികളും പൊടികൈയ്ക്ക് ശബരിമലയും ചേര്‍ക്കുന്ന പ്രചരണമായിരിക്കും ഇരുമുന്നണികളും അഴിച്ചു വിടുക. മഞ്ചേശ്വരം മണ്ഡലത്തില്‍ എല്ലാ തവണയും പോലെ ഇത്തവണയും ബിജെപിയുടെ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ എല്‍ ഡി എഫ് പിണറായി സര്‍ക്കാറിന്റെ വികസന നേട്ടവും ജനക്ഷേപ പദ്ധതികളും കേന്ദ്രസര്‍ക്കാറിന്റെ വര്‍ഗ്ഗീയ പ്രീണന ജനവിരുദ്ധ നയങ്ങളും ഉയര്‍ത്തിക്കാട്ടിയായിരിക്കും തിരഞ്ഞെടുപ്പ് നേരിടുക.
മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കുമെന്ന് ഇടതുമുന്നണിയും ഇന്നത്തെ പാലായിലെ വിജയം മഞ്ചേശ്വരത്ത് ചര്‍ച്ചയാകുമെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ മാസ്റ്ററും പറയുമ്പോള്‍ മഞ്ചേശ്വരം ഇനിയൊരിക്കലും യുഡിഎഫിനെ കൈവിടില്ലെന്നും ജനമനസ്സറിയുന്ന നേതാവിനെ അങ്കകളരിയിലിറക്കിയത് തോല്ക്കാനല്ലെന്നും ലോകസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയെടുത്ത പതിനായിരത്തിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണെന്നും പ്രചരണത്തില്‍ തങ്ങള്‍ ബഹുദൂരം മുന്നേറി കഴിഞ്ഞുവെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം വട്ടിയൂര്‍ക്കാവില്‍ ബിജെപി വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.