മണല്‍ മാഫിയയ്ക്കെതിരെജില്ലാ കലക്ടറുടെ മിന്നലാക്രമണം, മണലൂറ്റ് കടവുകളും തോണികളും തകര്‍ത്തു പൊതുമുതൽ കൊള്ളയടിക്കുന്നവരുടെ
നടുവൊടിക്കുമെന്ന് മുന്നറിയിപ്പ്.
കാസർകോട് : മണല്‍ മാഫിയയ്ക്കെതിരെ കലക്ടറുടെ മിന്നല്‍ ആക്രമണം. അനധികൃത കടവുകള്‍ ജെ സി ബി ഉപയോഗിച്ച് പൊളിച്ചടുക്കി. രണ്ട് തോണികള്‍ തകര്‍ത്തു.
രണ്ട് തോണികള്‍ കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഡി സജിത്ത് ബാബു, തഹസീല്‍ദാര്‍ രാജന്, വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണന്, ആദൂര്‍ സി ഐ വി കെ വിശ്വംഭരന്, എസ് ഐ രത്നാകരന് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ പോലീസ്
സംയുക്ത സംഘം അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന മീത്തല്‍ ആലൂര് കടവിലെത്തിയത്.
അഞ്ചിലധികം വാഹനങ്ങളിലായെത്തിയ കലക്ടറെയും സംഘത്തെയും കണ്ട് മണല്‍ മാഫിയ സംഘം നിമിഷനേരം കൊണ്ട് സ്ഥലത്ത് നിന്നും തോണികള്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കടവിന് സമീപം നിര്‍ത്തിയിട്ട രണ്ട് തോണികള്‍ ജെ സി ബി കൊണ്ട് തകര്‍ത്തു.
രണ്ട് തോണികള്‍ നിറയെ മണല്‍ കയറ്റി പുഴയില്‍ തന്നെയായിരുന്നു. ഇത് കരയ്ക്കടുപ്പിക്കാന്‍ ആളെ കിട്ടാത്തത് കൊണ്ട് കടവില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
പുഴയിലേക്ക് വെട്ടിയ വഴി ജെ സി ബി കൊണ്ട് കിളച്ചുമറിച്ച ശേഷമാണ് കലക്ടറും സംഘവും മടങ്ങിയത്. വൈകീട്ട് 4.30ന് തുടങ്ങിയ നടപടി 7.30 നാണ് അവസാനിപ്പിച്ചത്.
പോലീസിന്റെ നീക്കം കൃത്യമായി ലഭിക്കുന്നതിനാല്‍ മണല്‍കടത്ത് സംഘങ്ങളെ പലപ്പോഴും പിടികൂടാന്‍ കഴിയാറില്ല.
വര്‍ഷങ്ങളായുള്ള അനധികൃത മണല്‍ കടത്തിലൂടെ മാഫിയ തടിച്ചുകൊഴുത്തിട്ടുണ്ട്. നടത്തിപ്പുകാരില്‍ പലരും കോടീശ്വരന്മാരായി. ഉദ്യേഗസ്ഥരില്‍ ചിലര്‍ മണല്‍ മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
അനിയന്ത്രിതമായ മണല്‍കടത്ത് മൂലം വലിയ പാരിസ്ഥിതി പ്രശ്നമാണ് നാട്ടുകാര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.
പുഴയ്ക്ക് സമീപത്തെ കിണറുകളിലെല്ലാം ജലവിതാനം താഴ്ന്ന് കൊണ്ടിരിക്കുകയാണ്. പുഴയില്‍ കരയിടിച്ചിലും രൂക്ഷമാണ്.