പെരിങ്ങോം പീഡനം: അന്വേഷണം സെക്സ് റാക്കറ്റിലേക്ക്
കൂടുതൽ പേർ പ്രതികളാകും
പയ്യന്നൂർ : പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ കുടുങ്ങും. സംഭവത്തിൽ ഇതുവരെ ഒമ്പതു പേർ അറസ്റ്റിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു കേസുകളാണ് റജിസ്റ്റർ ചെയ്തത്. മലയോരം കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റിലേക്കും അന്വേഷണം എത്തിയിട്ടുണ്ടെന്നാണ് വിവരം.
പോക്സോ വകുപ്പുപ്രകാരം നാലുകേസുകളും കൂട്ട മാനഭംഗത്തിന് രണ്ടുകേസുകളുമാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. മടക്കാംപൊയിലിലെ ശ്രീരാജ് (29), കാങ്കോലിലെ പ്രജീഷ് (32) എന്നിവരെയാണ് കൂട്ട മാനഭംഗകേസിൽ അവസാനം അറസ്റ്റുചെയ്തത്. വടശേരിയിലെ പ്രശോഭി(26)നെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതി ഇവരെ റിമാൻഡ് ചെയ്തു. മുമ്പ് അറസ്റ്റിലായ മുഖ്യപ്രതി കുപ്പോൾ സ്വദേശി പി.വി.രജീഷ് (31), മടക്കാംപൊയിലിലെ പി.വി. വിനീഷ് (28), കെ.സുവർണൻ (39), കുപ്പോളിലെ പി.വി.രജീഷ് (31), കാങ്കോലിലെ നിർമാണ തൊഴിലാളി കല്ലൻ ഹൗസിൽ പ്രജിത്ത് (35), കാങ്കോൽ കാളീശ്വരത്തെ ഓട്ടോ ഡ്രൈവർ പുളുക്കൂൽ ദിലീപ് (30) എന്നിവരും റിമാൻഡിലാണ്.
ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ പെരിങ്ങോം പൊലീസ് മട്ടന്നൂരിലെ മഹിളാമന്ദിരത്തിൽ പാർപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് താൻ കൂട്ടമാനഭംഗത്തിനിരയായ വിവരം പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് മലയോര മേഖലയിൽ കൂടുതൽ ആളുകളുൾപ്പെട്ട സെക്സ് റാക്കറ്റ് പ്രവർത്തിച്ചുവരുന്നതായി പൊലീസിന് സൂചന ലഭിച്ചത്. കേസിന്റെ വ്യാപ്തിയെ തുടർന്ന് അന്വേഷണം തളിപ്പറമ്പ് ഡിവൈ.എസ് .പിയുടെ നേതൃത്വത്തിലേക്ക് മാറ്റുകയായിരുന്നു. സമാനമായ രീതിയിൽ മറ്റുചില പെൺകുട്ടികളും മലയോര മേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകളുടെ കെണിയിൽ വീണതായും സൂചനയുണ്ട്.